ശബരിമല: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികളുമായി ദേവസ്വം ബോർഡും പൊലീസും. എരുമേലി വഴി കാൽനടയായി എത്തുന്ന തീർഥാടകർക്ക് അനുവദിച്ചിരുന്ന സ്പെഷൽ പാസ് സംവിധാനം നിർത്തലാക്കിയും പതിനെട്ടാംപടി കയറ്റം വേഗത്തിലാക്കിയുമുള്ള നടപടികളാണ് നടപ്പിലാക്കിയത്.
കഴിഞ്ഞ രണ്ടുദിവസമായി ശബരിമലയിൽ ക്യാമ്പ് ചെയ്യുന്ന എ.ഡി.ജി.പിയും ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്ററുമായ എസ്. ശ്രീജിത്തിന്റെ നിർദേശപ്രകാരം 180 പൊലീസ് ട്രെയിനികളെ കൂടി സന്നിധാനത്ത് അധികമായി നിയോഗിച്ചു. ഇവരിൽ 90 പേർ ബുധനാഴ്ച ഉച്ചയോടെ സന്നിധാനത്ത് എത്തി. അടുത്തസംഘം വ്യാഴാഴ്ച എത്തും. ഇവരെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരക്ക് നിയന്ത്രണത്തിനായി നിയോഗിക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വൻ തീർഥാടക തിരക്ക് അനുഭവപ്പെട്ട ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെയുള്ള ഭാഗത്ത് എ.ഡി.ജി.പി നേരിട്ട് തിരക്ക് നിയന്ത്രണത്തിന് നേതൃത്വം നൽകി.
ശരംകുത്തി വഴി എത്തുന്ന തീർഥാടകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് വനത്തിലൂടെ കടന്ന് ചന്ദ്രാനന്ദൻ റോഡ് വഴി വലിയ നടപ്പന്തലിൽ എത്തുന്നത് തടയാൻ ചന്ദ്രാനന്ദൻ റോഡിൽ പാറമടക്ക് സമീപം ബുധനാഴ്ച ഉച്ചയോടെ ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചു. സ്പെഷൽ പാസ് സംവിധാനം നിർത്തലാക്കുകയും പതിനെട്ടാം പടി കയറ്റം വേഗത്തിലാവുകയും ചെയ്തതോടെ കഴിഞ്ഞ രണ്ട് ദിവസമായി സന്നിധാനത്ത് അനുഭവപ്പെട്ടിരുന്ന തിക്കിനും തിരക്കിനും നേരിയ ശമനം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.