കൊച്ചി: ബലാത്സംഗക്കേസിൽ ഹൈകോടതി മുൻകൂർ ജാമ്യഹരജി തള്ളിയതിനെ തുടർന്ന് നടൻ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെ തടസഹരജിയുമായി പരാതിക്കാരിയും. സിദ്ദീഖ് മൂൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തന്‍റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈകോടതി ഉത്തരവിനെതിരെയാണ് നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്. ഉത്തരവിനെ തുടർന്ന് സിദ്ദീഖ് ഒളിവിൽ പോയത് ഈ സാധ്യത മുൻനിർത്തിയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ മകൻ ഷെഹിൻ അടക്കമുള്ളവർ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായും ചർച്ച നടത്തുന്നുണ്ട്. എത്രയും വേഗം ഹരജി നൽകാനാണ് നീക്കം.
ഹൈകോടതിവിധിക്ക് പിന്നാലെയാണ് സിദ്ദീഖ് ഫോൺ ഓഫ് ചെയ്ത് നടൻ ഒളിവിൽ പോയത്. രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിമാനമാർഗം രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചാൽ തടഞ്ഞുവെക്കാനാണ് നിർദേശം.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഹൈകോടതി സിദ്ദീഖിന്‍റെ ജാമ്യ ഹരജി തള്ളിയത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) യോഗം ചേർന്ന് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി. ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി സിറ്റി പൊലീസിന് നിർദേശം നൽകി. സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള നടന്‍റെ നീക്കം മുന്നിൽക്കണ്ടാണ് ഉടൻ അറസ്റ്റിന് ഉത്തരവിട്ടത്. കണ്ടെത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തു നിന്ന് അന്വേഷണസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
സിദ്ദീഖിന്‍റെ കാക്കനാട് പടമുകളിലെ വീട്, ആലുവ കുട്ടമശ്ശേരിയിലെ വീട് എന്നിവിടങ്ങളിൽ പൊലീസ് എത്തിയെങ്കിലും ഇവിടങ്ങളിലൊന്നും നടനുണ്ടായിരുന്നില്ല. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. 2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.