ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു; ശക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികും ലഭിച്ചതായി അന്വേഷണസംഘം. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തുവെന്ന നടിയുടെ മൊഴി ശരിവെക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബലാത്സംഗത്തിന് പിന്നാലെ പരാതിക്കാരി മാനസിക സംഘർഷത്തിന് ചികിത്സ തേടിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഹൈകോടതി വിധി വരുന്നതിന് പിന്നാലെ തുടർനടപടികളും കുറ്റപത്രവും നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി രംഗത്തുവന്നത്. 2016 ജനുവരി 28നാണ് സംഭവം നടന്നത് എന്നായിരുന്നു ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം.

ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്. മസ്കറ്റ് ഹോട്ടലിലെ 101 ഡി. നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലിലെ കര്‍ട്ടൻ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി.

അച്ഛനും അമ്മക്കും കൂട്ടുകാരിക്കും ഒപ്പമാണ് ഹോട്ടലിൽ എത്തിയതെന്നും നടി പറഞ്ഞിരുന്നു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകീട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീൻ കറിയും തൈരുമാണ് സിദ്ദിഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെക്കുന്ന ഹോട്ടല്‍ ബിലും അന്വേഷണ സംഘം കണ്ടെത്തി.

പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലില് സുഹൃത്ത് ഇക്കാര്യം ശരിവെച്ചു ഇതിന് പുറമേയാണ് സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചത്. ലൈംഗിക പീഡനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് യുവതിക്ക് ആത്മഹത്യ പ്രേരണയുണ്ടായി. ഗ്ലാസ് ജനല്‍ ഉള്‍പ്പെടെ ഹോട്ടൽ മുറിയിലേതിന് സമാനമായ രംഗങ്ങള്‍ കാണുന്നത് മാനസിക വിഭ്രാന്തിക്ക് ഇടയാക്കി.

തുടര്‍ന്ന് കാക്കനാട്ടും പിന്നീട് കൊച്ചി പനമ്പിള്ളി നഗറിലുമുള്ള രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞു. രണ്ട് പേരും ഇക്കാര്യം ശരിവെച്ച് അന്വേഷണ സംഘത്തിന് മൊഴിനല്‍കുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതൊടാപ്പം മസ്ക്കറ്റ് ഹോട്ടലിലെത്തിയപ്പോള്‍ യുവതി ഒപ്പിട്ട പഴയ സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.

Tags:    
News Summary - Actor Siddique's noose tightens in the rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.