കൊച്ചി: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ പോസ്റ്റുമായി നടി മഞ്ജു വാര്യർ.
‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും’ -മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. കാണാതായി 71ാം ദിവസമാണ് അർജുന്റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടിൽനിന്ന് കണ്ടെത്തിയത്. ക്യാബിനുള്ളിലെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എൻ.എ പരിശോധനക്കുശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.
ലോറിയുടെ ഭാഗങ്ങൾ കരക്കടുപ്പിച്ചു. കരയിൽനിന്ന് 65 മീറ്റർ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തിൽനിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നത്. നേരത്തെ അർജുന്‍റെ സഹോരനിൽനിന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചിരുന്നു. സ്ഥിരീകരിച്ചശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക. ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിച്ച് ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിൻ ഉൾപ്പെട്ട ഭാഗം കണ്ടെത്തിയത്. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. അന്ന് രാവിലെ 8.45നാണ് അർജുനെ കാണാതാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.