തിരുവനന്തപുരം: എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചകളുടെ രാഷ്ട്രീയ ശരികേടിൽ വലിയ ചോദ്യമുയരുമ്പോഴും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ പിന്തുണക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ ഇടതുമുന്നണിയിൽ കടുത്ത അതൃപ്തി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തള്ളിയത് സി.പി.ഐക്ക് വലിയ ക്ഷീണമായി. ഇക്കാര്യത്തിൽ പാർട്ടിയുടെ എതിർപ്പ് മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനൊരുങ്ങുകയാണ് സി.പി.ഐ നേതൃത്വം.
ആർ.എസ്.എസ് കൂടിക്കാഴ്ച വലിയ രാഷ്ട്രീയ പ്രശ്നമാണെന്ന് മുന്നണി യോഗത്തിൽ പറഞ്ഞ ആർ.ജെ.ഡിയും സമാന അവസ്ഥയിലാണ്. ചെറുകക്ഷിയെന്ന നിലക്ക് ആർ.ജെ.ഡിക്ക് പരിമിതികളുണ്ട്. എന്നാൽ, മുന്നണിയിലെ രണ്ടാം കക്ഷിയും ഇടതുപക്ഷ നിലപാടിൽ കണിശത വേണമെന്നും പറയുന്ന സി.പി.ഐക്ക് മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ചുകൊടുക്കാനാകില്ല. മുന്നണിയിൽ കടുത്ത നിലപാട് പറയാൻ സി.പി.ഐ നിർബന്ധിതരാണ്. എന്നാൽ, എത്രത്തോളം കടുപ്പിക്കാനാകുമെന്നതാണ് പ്രശ്നം. കാരണം, രാഷ്ട്രീയ സമ്മർദത്തിനിടയിലും ആർ.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പമാണ് സി.പി.എം നേതൃത്വം.
ഇത്രയും വലിയ വിവാദത്തിനു ശേഷവും ആർ.എസ്.എസ് അടുപ്പമുള്ള ഉദ്യോഗസ്ഥൻ ഇടതുസർക്കാറിന്റെ പൊലീസിൽ സുപ്രധാന പദവിയിൽ തുടരുന്നതിന്റെ രാഷ്ട്രീയ ശരികേട് ആവർത്തിച്ച് ഉന്നയിക്കാനാണ് സി.പി.ഐ തീരുമാനം. ഇക്കാര്യം ഉഭയകക്ഷി ചർച്ചകളിലും മുന്നണി യോഗങ്ങളിലും പറയുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.