കണ്ണൂരിലെ പാർട്ടി ​കൊലകൾക്കെതിരെ കർശന നിലപാടെടുത്ത എസ്.പി, ഓപറേഷൻ ഡി ഹണ്ടിനും പി ഹണ്ടിനും തുടക്കമിട്ടു; ഡി.ജി.പി പദവിയിലേക്ക് മനോജ്‌ എബ്രഹാം

കണ്ണൂരിലെ പാർട്ടി ​കൊലകൾക്കെതിരെ കർശന നിലപാടെടുത്ത എസ്.പി, ഓപറേഷൻ ഡി ഹണ്ടിനും പി ഹണ്ടിനും തുടക്കമിട്ടു; ഡി.ജി.പി പദവിയിലേക്ക് മനോജ്‌ എബ്രഹാം

തിരുവനന്തപുരം: സർവിസ് ഡയറിയിൽ തിളക്കമാർന്ന നിരവധി അധ്യായങ്ങൾ എഴുതിച്ചേർത്ത കേരള പൊലീസിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ മനോജ് എബ്രഹാമിന് ഒടുവിൽ ഡി.ജി.പി ആയി സ്ഥാനക്കയറ്റം. 1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായി തുടക്കം കുറിച്ച മനോജ് രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങളും രൂക്ഷമായിരുന്ന സമയത്താണ് കണ്ണൂർ ജില്ലാ പോലീസ് മേധാവിയായി നിയമിതനായത്. ആ നാല് വർഷങ്ങളിൽ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഗണ്യമായി കുറയ്ക്കാനായി.

സംസ്ഥാനത്ത് രൂക്ഷമായ ലഹരി ഉപയോഗം തടയാൻ വേണ്ടിയുള്ള ‘ഓപറേഷൻ ഡീഹണ്ട്’, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ഓപറേഷൻ പി ഹണ്ട് എന്നീ നിർണായക നീക്കങ്ങൾക്ക് തുടക്കം കുറിച്ചതും മനോജ് എബ്രഹാം ആയിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈബർ കോൺഫറൻസായ കൊക്കൂൺ ആരംഭിച്ചതും അദ്ദേഹത്തിന്റെ ആശയത്തിൽ ആണ്.

അടൂർ, കാസർകോട് എന്നിവിടങ്ങളിൽ എ.എസ്.പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് പൊലീസ് സൂപ്രണ്ടായി പ്രമോഷൻ ലഭിച്ചപ്പോൾ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചുമതലയും വഹിച്ചു. പിന്നീടാണ് കണ്ണൂരിൽ നിയമനം ലഭിച്ചത്. തുടർന്ന് തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി ഏഴ് വർഷം സേവനം നടത്തിയ വേളയിൽ പലതരം പുതിയ മാറ്റങ്ങളും ഈ രണ്ട് സിറ്റികളിലും കൊണ്ടുവരാൻ അദ്ദേഹത്തിനായി.

കമ്മ്യൂണിറ്റി പൊലീസ് ജനമൈത്രി പോലീസ് എന്നിവ അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാടുകൾ ആയിരുന്നു. മനോജ് എബ്രഹാം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നപ്പോഴാണ് 2009ൽ ഇന്റർനാഷണൽ കമ്മ്യൂണിറ്റി പൊലീസിങ് അവാർഡ് ലഭിച്ചത്. 2011ൽ മാൻ ഓഫ് ദ ഡീക്കേഡ് അവാർഡും ലഭിച്ചു. കൊച്ചി സിറ്റിയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കഴിഞ്ഞതും ലോ ആൻഡ് ഓർഡർ മികച്ച രീതിയിൽ നടപ്പിലാക്കിയതിനും ആയിരുന്നു ഈ അവാർഡുകൾ.

ആ വർഷം തന്നെ വിശിഷ്ട സേവനത്തുള്ള രാഷ്ട്രപതിയുടെ മെഡലും നേടി. 2012ൽ ഇൻസ്പെക്ടർ ജനൽ ആയി പ്രമോഷൻ ലഭിച്ച അദ്ദേഹം പൊലീസ് ഹെഡ് കോട്ടേഴ്സിലും തുടർന്ന് തിരുവനന്തപുരം റെയിഞ്ച് ഐ.ജി ആയും പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ ട്രാഫിക് ഐ.ജിയുടെ അധിക ചുമതലും വഹിച്ചു.

മനോജ്‌ എബ്രഹാം ഐ ജി ആയിരുന്ന വേളയിൽ ആണ് കേരള പോലീസിന്റെ നൂതന സംരംഭം ആയ സൈബർ ഡോം ആരംഭിച്ചത്. 2019 സ്ഥാനക്കയറ്റത്തോടെ പൊലീസ് ഹെഡ് കോർട്ടേഴ്സിൽ എഡിജിപി ആയും തുടർന്ന് വിജിലൻസ് ഡയറക്ടറായും പ്രവർത്തിച്ചു. ഇക്കലായളവിലാണ് ഏറ്റവും കൂടുതൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടിയത്. ഇന്റലിജൻസിലും ക്രമ സമാധാന ചുമതലയിലും എ.ഡി.ജി.പി ആയ ശേഷമാണ് ഡിജിപി ആയി നിയമിതനാകുന്നത്.

ചെങ്ങന്നൂർ സ്വദേശി ആണ്. ഹൈദരാബാദിൽ ആയിരുന്നു പഠനം. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ഡെന്റൽ സർജൻ ആയ ഡോ. ഷൈനോ മനോജ്‌ ആണ് ഭാര്യ. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ജോഹാൻ എം. എബ്രഹാം, ക്രൈസ്റ്റ് നഗർ സ്കൂൾ വിദ്യാർഥികൾ ആയ നിഹാൻ എം. എബ്രഹാം, നതാൻ എം. എബ്രഹാം എന്നിവരാണ് മക്കൾ.

Tags:    
News Summary - ADGP, Law & Order IPS officer Manoj Abraham promoted and appointed new DGP fire force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.