ആർ.എസ്.എസ് നേതാവിനെ കാണാൻ ആർക്കാണ് ദാഹം?; ശുദ്ധ അസംബന്ധമെന്ന് സി. ദിവാകരൻ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചതിനെ അതിരൂക്ഷമായി വിമർശിച്ച് സി.പി.ഐ മുതിർന്ന നേതാവ് സി. ദിവാകരൻ. ആർ.എസ്.എസ് നേതാവിനെ കാണാൻ ആർക്കാണ് ദാഹമെന്ന് സി. ദിവാകരൻ ചോദിച്ചു. എ.ഡി.ജി.പി അജിത് കുമാറിനാണോ സർക്കാറിനാണോ ദാഹമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത് ശുദ്ധ അസംബന്ധമാണ്. നയത്തിന് അനുസൃതമായി ഉദ്യോഗസ്ഥരെ പ്രവർത്തിപ്പിക്കേണ്ടത് സർക്കാറിന്‍റെ ബാധ്യതയും നട്ടെല്ലുമാണ്. എ.ഡി.ജി.പി എന്ന് പറയാമെങ്കിലും ഡി.ജി.പിയായി പ്രവർത്തിക്കാൻ സർക്കാർ സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ എവിടെയൊക്കെ ദുർബലം ആകുന്നോ ആ ഇടങ്ങളിൽ ഉദ്യോഗസ്ഥന്മാർ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കും. ഇവിടെയും സംഭവിച്ചത് അതാണ്. ആർ.എസ്.എസിന്‍റെ ദേശവിരുദ്ധ നിലപാടുകൾ കണ്ടുപിടിച്ചതും പുറത്തുകൊണ്ടുവന്നതും പൊലീസ് ആണ്. സർക്കാറിന്‍റെ തുക ചെലവാക്കിയാണ് എ.ഡി.ജി.പിയുടെ സ്ഥാനം നിലനിർത്തുന്നതെന്നും സി. ദിവാകരൻ വാർത്താ ചാനലിനോട് പറഞ്ഞു.

എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവിട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണ്. 2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെയാണ് ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടന്നത്.

ആർ.എസ്.എസ് നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് എ.ഡി.ജി.പിയുടെ വിശദീകരണം.

ദത്താത്രേയ ഹൊസബലെ തൃശൂരിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷക സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എ‍.ഡി.ജി.പി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചിരുന്നു.

Tags:    
News Summary - ADGP MR. Ajith Kumar's visit to the RSS leader was severely criticized by C. Divakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.