കുറ്റ്യാടി: നിയമസഭ തെരെഞ്ഞടുപ്പിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് താഴെത്തട്ടിൽ അച്ചടക്ക നടപടികൾ തുടരുന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. മോഹൻദാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് നീക്കിയതിനു പുറമെ പാർട്ടി അംഗത്വത്തിൽനിന്നും ഒഴിവാക്കി.
ഏരിയ കമ്മിറ്റിയിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പിരിച്ചുവിട്ട കുറ്റ്യാടി ലോക്കൽ കമ്മിറ്റിക്കുപകരം എട്ടംഗ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. ഏരിയ കമ്മിറ്റിയംഗം എ.എം. റഷീദ്(കൺവീനർ), അംഗങ്ങളായ പി.സി. ഷൈജു, കുന്നുമ്മൽ കണാരൻ, പിരിച്ചുവിട്ട ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി പി.സി. രവീന്ദ്രൻ, അംഗങ്ങളായ സി.എൻ. ബാലകൃഷ്ണൻ, കെ. രഖിൽ, സുബിന എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിലവിൽവന്നത്.
പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത കുറ്റ്യാടി ലോക്കൽ കമ്മിറ്റി അഗങ്ങളായിരുന്ന കെ.കെ. ഗിരീശൻ, കെ.വി. ഷാജി, കെ.പി. വത്സൻ, പാലേരി ചന്ദ്രൻ എന്നിവർക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന. വിഷയത്തിൽ മറ്റു ചില മെംബർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. വടയം ലോക്കൽ കമ്മിറ്റിയിൽ ഇ.കെ. നാണു, ഇ. ബാലൻ, അശോകൻ എന്നിവർക്കെതിരെ അന്വേഷണവുമുണ്ട്. കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനു നൽകാനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരായാണ് പ്രതിഷേധ പ്രകടനങ്ങളും മറ്റും അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.