അടിമാലി: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ പിറക്കുന്ന അടിമാലി താലൂക്കാശുപത്രിയിൽ അമ്മക്കും കുഞ്ഞിനും രക്ഷയില്ല. അടിമാലിയിൽ തന്നെ ജില്ലതലത്തിൽ ആരംഭിക്കാൻ നടപടി തുടങ്ങിയ ‘അമ്മയുംകുഞ്ഞും’ ആശുപത്രിയാകട്ടെ യാഥാർഥ്യമായതുമില്ല. പീഡിയാട്രിക് ഐ.സി.യു ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ താലൂക്ക് ആശുപത്രിയിൽ ഇല്ല. അമ്മക്കോ കുഞ്ഞിനോ കൂടുതൽ പരിചരണം വേണമെങ്കിൽ ജില്ലക്ക് പുറത്തേക്ക് റഫർ ചെയ്യുക മാത്രമാണ് പോംവഴി.
മൂന്ന് ഗൈനക്കോളജിസ്റ്റും രണ്ട് കുട്ടികളുടെ ഡോക്ടർമാരുമാണ് ഇവിടുള്ളത്. ഒരു ഡോക്ടർ ലീവായാൽ കൂടുതൽ പരിതാപകരമാകും കാര്യങ്ങൾ. അമ്മക്കോ കുട്ടിക്കോ അടിയന്തിര വൈദ്യസഹായം നൽകാൻ കഴിയുന്ന സംവിധാനവും ഇല്ല. ഇടിഞ്ഞ് വീഴാറായതും കാലഹരണപ്പെട്ടതുമായ കെട്ടിടത്തിലാണ് പ്രസവ മുറിയും വാർഡും പ്രവർത്തിക്കുന്നത്. പ്രതിമാസം 80 നും നൂറിനും ഇടയിൽ കുട്ടികൾ ഇവിടെ ജനിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് മാസം 150 ന് മുകളിൽ കുട്ടികളാണ് ജനിച്ചിരുന്നത്. ആറ് ഗൈനകോളജി ഡോക്ടർമാരുള്ള ഇടുക്കിയിലെ ഏക സർക്കാർ മെഡിക്കൽ കോളജിൽ കഴിഞ്ഞ മാസം 20 ൽ താഴെ കുട്ടികളാണ് ജനിച്ചത്.
എന്നാൽ മൂന്നു ഡോക്ടർമാർ മാത്രമുള്ള അടിമാലിയിൽ 79 കുട്ടികൾ ജനിച്ചു. പ്രസവം നിർത്തുന്ന ശസ്ത്രക്രിയ ഇപ്പോൾ അടിമാലിയിൽ മാത്രമാണുള്ളത്. നാല് താലൂക്കുകളിൽ നിന്ന് രോഗികളെത്തുന്നു. പേരിൽ മാത്രം അനുവദിച്ച അമ്മയും കുഞ്ഞും ജില്ല ആശുപത്രിയുടെ പേരിലാണ് അടിമാലി താലൂക്കാശുപത്രിയിൽ ഈ വിഭാഗം ഏറ്റവും അവഗണന നേരിടുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ കൂട്ടത്തോടെ വസിക്കുന്ന പഞ്ചായത്താണ് അടിമാലി. കൂടാതെ ആദിവാസികൾ കൂടുതലുള്ള മാങ്കുളം , ഇടമലക്കുടി, മൂന്നാർ, വട്ടവട, ബൈസൺവാലി, ദേവികുളം, ചിന്നക്കനാൽ, ശാന്തൻ പാറ പഞ്ചായത്തുകാരും അശ്രയിക്കുന്ന പ്രധാന ആശുപത്രിയും ഇതാണ്. എക്സ് - റേ , ബ്ലഡ് ബാങ്ക് , സ്കാനിങ് , ഡയാലിസ് ഒന്നും ഇവിടെ പ്രവർത്തനക്ഷമമല്ല. ഇവക്കൊക്കെ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ ഓരോരോ മുറികളിലായി തുരുമ്പെടുത്ത് നശിക്കുന്നു.
അടിമാലി: മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയാണ് അടിമാലി ആശുപത്രിയെ താലൂക്കാശുപത്രിയായി ഉയർത്തി പ്രഖ്യാപനം നടത്തിയത്. എന്നാൽ സ്പെഷാലിറ്റി ഡോക്ടർമാരെ നിയമിച്ചതൊഴിച്ചാൽ താലൂക്കാശുപത്രിയുടെ സ്റ്റാഫ് പാറ്റേണിന് അനുസരിച്ച് ജീവനക്കാരില്ല. 14 സ്റ്റാഫ് നഴ്സുമാരിൽ ഒരാളുടെ കുറവുണ്ട്. ഓപറേഷൻ തിയറ്റർ, വാർഡുകൾ , പേ വാർഡ്, കാഷ്വാലിറ്റി തുടങ്ങി എല്ലായിടത്തും ഇവർ മാത്രം മതിയാകില്ല. 15 പേരെ എൻ. എച്ച്.
എം സ്കീമിൽ താൽക്കാലികമായി എടുത്ത് ആശുപത്രി മുന്നോട്ട് പോകുന്നതെങ്കിലും ഇത് മതിയാകുന്നില്ല. 1500 ന് മുകളിൽ രോഗികൾ ഒ.പിയിലും 300 ന് മുകളിൽ അത്യാഹിത രോഗികളും എത്തുന്നുണ്ട്. 120 ബെഡുകളിലായി 150 കിടപ്പുരോഗികളും ഉണ്ട്. ഇതിന് ആവശ്യമായ നഴ്സുമാരും ഇല്ല. ഇത് ഉണ്ടാക്കുന്ന പ്രശ്നം ചെറുതല്ല. പാരമെഡിക്കൽ സ്റ്റാഫുകളും ക്ലീനിങ് ജീവനക്കാരും കുറവാണ്.
ഓഫീസ് കാര്യമാണ് പരമ ദയനീയം. ക്ലാർക്കുമാർ രണ്ട് മാത്രം. ഇവർ 24 മണിക്കൂറും പ്രവർത്തിച്ചാലും തീരാത്തത്ര ജോലിയുണ്ടിവിടെ. താലൂക്കാശുപത്രികളിൽ നിലവിലുള്ള ലേ സെക്രട്ടറിയുടെ പോസ്റ്റ് ഇവിടെ അനുവദിക്കേണ്ടതുണ്ട്. കൂടുതൽ ഓഫീസ് സ്റ്റാഫിനെ അനുവദിക്കുകയും വേണം. സൂപ്രണ്ട് പോസ്റ്റും ഒഴിഞ്ഞ് കിടക്കുന്നു. നിലവിൽ ചാർജുള്ള സൂപ്രണ്ടിന് ഭരണ നിർവ്വഹണത്തിന് ശേഷം രോഗികളെ പരിചരിക്കാൻ കഴിയുന്നില്ല. ഇതോടെ ഒരു ഫിസിഷ്യന്റെ സേവനം കൂടി നഷ്ടമാകുന്നു.
അടിമാലി: 2017 ലാണ് അടിമാലിയിൽ ‘അമ്മയും കുഞ്ഞും’ ജില്ല ആശുപത്രി അടിമാലിയിൽ അനുവദിച്ചതായി സർക്കാർ വിജ്ഞാപനം ഇറങ്ങിയത്. അടിമാലി മച്ചിപ്ലാവിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പിന് ആധാരം ചെയ്ത്കൈമാറിയ ഭൂമിയിൽ തുടങ്ങാൻ ലക്ഷ്യമിട്ടത്. നിർമാണോദ്ഘാടനം ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ നിർവഹിക്കാൻ തീരുമാനിക്കുകയും ഫലകം ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടെ ഇടതു സർക്കാറും ബ്ലോക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന യു.ഡി.എഫും തമ്മിൽ ‘ക്രെഡിറ്റ്’ തർക്കം ഉടലെടുത്തു. തർക്കത്തിനിടെ ഉദ്ഘാടനത്തിൽ നിന്ന് സർക്കാൻ പിന്നാക്കംപോയി. ബജറ്റിൽ അഞ്ച് കോടി ഈ ജില്ല ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും കെട്ടിടം ഉൾപ്പെടെ എല്ലാ വിധ സംവിധാനങ്ങളും ഒരുക്കണമെങ്കിൽ 50 കോടിയോളം ചെലവ് വരുമെന്ന് കണക്കാക്കുന്നു. കിഫ്ബി ഉൾപ്പെടെ മുന്നോട്ട് വന്നാലേ ഇത് യാഥാർഥ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.