ആദിവാസി പുനരധിവാസ പദ്ധതി: വീടുകളുടെ അറ്റകുറ്റപ്പണിയിൽ ഉദ്യോഗസ്ഥർ ഗുരുതരവീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്

കോഴിക്കോട്: വയനാട് വൈത്തിരി, സുഗന്ധഗിരി മേഖലയിലെ "ആദിവാസി പുനരധിവാസ പദ്ധതി' പ്രദേശത്തെ വീടുകളുടെ അറ്റകുറ്റപ്പണിയിൽ ഉദ്യോഗസ്ഥർ ഗുരുതരവീഴ്ച വരുത്തിയെന്ന് ധനകാര്യ റിപ്പോർട്ട്. ആദിവാസി പുനരധിവാസ പദ്ധതിക്കു കീഴിൽ 80 വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി അനുമതി ലഭിച്ചുവെങ്കിലും 54 വീടുകളിൽ മാത്രമാണ് റിപ്പയറിങ് ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് മൂന്ന് വർഷമായിട്ടും അതിൽ 27 വീടുകളുടെ അറ്റകുറ്റപ്പമി മാത്രമാണ് പൂർത്തിയാക്കിയതെന്നും അപരിശോധനയിൽ കണ്ടെത്തി.

ഒരു വീടിനു പരമാവധി ഒന്നര ലക്ഷം രൂപ വരെ അനുവദിച്ച് പുനരുദ്ധാരണം നടത്തിയെങ്കിലും പരിശോധന സംഘം സന്ദർശിച്ച പല വീടുകളും അപ്പോഴും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥനായ വയനാട് ഐ.ടി.ഡി.പി ഓഫീസർക്ക് ഗുരുതരമായ മേൽനോട്ട വീഴ്ച‌ സംഭവിച്ചുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഐ.ടി.ഡി.പി ഓഫീസറിൽനിന്നും ഭരണ വകുപ്പ് വിശദീകരണം വാങ്ങണം. ഉദ്യോഗസ്ഥനെതിരെ ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

വൈത്തിരി, സുഗന്ധഗിരി മേഖലയിലെ ആദിവാസി പുനരധിവാസ പദ്ധതി വീടുകൾക്ക് 2018- 19 വർഷങ്ങളിലെ കാലവർഷക്കെടുതിയിൽ വിവിധ തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിരുന്നു. പൊഴുതന ഗ്രാമപഞ്ചായത്തിലെ 82, വൈത്തിരി പഞ്ചായത്തിലെ പൂക്കോട് ഡയറി മേഖലയിലെ 10 വീടുകൾക്കും ഉൾപ്പെടെ ആകെ 92 വീടുകളുടെ അറ്റകുറ്റ പ്പണിക്ക് 97,96,000 അനുമതി ലഭിച്ചു.

പട്ടികവർഗ്ഗ ഡയറക്ടറുടെയും 2019 ഡിസംബർ 16 ഉത്തരവുപ്രകാരം ആദ്യ ഗഡിവായി 25 ലക്ഷം രൂപ വയനാട് ഐ.ടി.ഡി.പി ഓഫീസർക്ക് അനുവദിച്ചു. ഊരുകൂട്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സുഗന്ധഗിരി മേഖലയിലുള്ള 82 ഗുണഭോ.ക്താക്കളിൽ 75 പേരെയും പൂക്കോട് ഡയറി മേഖലയിലേക്ക് 10 ഗുണഭോക്താക്കളെ അഞ്ചുപേരെയും തെരഞ്ഞെടുത്തു. പദ്ധതി നടത്തിപ്പിന്റെ നിർവഹണ ചുമതല ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസർക്ക് ആയിരുന്നു.

മേൽനോട്ട് ചുമതല പൂർണമായും സൈറ്റ് മാനേജരാണ് വഹിച്ചിരുന്നത്. ഏറെ വീടുകളും കോൺട്രാക്ടർമാരെ ഉപയോഗിച്ച് ആണ് നിർമാണം നടത്തിയത് എന്നാണ് പരിശോധനയിൽ വ്യക്തമാക്കിയത്. അതിനാൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് വന്ന തുക ബാങ്കിൽ നിന്നും കോൺട്രാക്ടർമാർക്ക് എടുത്തു നൽകി. എന്നാൽ നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തിയതായി തെളിവില്ല.

ചോർച്ചയുള്ള വീടുകളുടെ മേൽക്കൂര മാറ്റി ഷീറ്റിട്ട് പുതുതായി അടുക്കള നിർമിച്ചു നൽകുകയും ചെയ്തത്. എന്നാൽ, റൂഫിങ് ഷീറ്റിന് ഗുണ നിലവാരം കുറവായതിനാൽ റിപ്പയറിങ്ങിന് ശേഷവും വീടുകളിലെ ചോർച്ച അവസാനിച്ചില്ല. പുതുതായി നിർമിച്ച അടുക്കളയിൽ നിരവധി അപാകതകൾ ഉള്ളതായി ഗുണഭോക്താക്കൾ പറഞ്ഞു. തറക്ക് ബെൽറ്റ് നിർമിച്ചിട്ടില്ല. അതിനാൽ ഭിത്തയിൽ വിള്ളലുകൾ ഉണ്ടായി.

പുകയില്ലാത്ത അടുപ്പ് നിർമിച്ച നൽകിയതിലെ സാങ്കേതിക തകരാറു വഴി പുക വീടിന് പുറത്തേക്കു പുകക്കുഴിയിലൂടെ പോയില്ല. വീടിനകം പൂർണമായും പുകമയമായി. നിലത്ത് റെഡ് ഓക്സൈഡ് പാകിയിരിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. അടുക്കളയിൽ സ്ഥാപിച്ച സിങ്ക് ചിലത് ഉപയോഗയോഗ്യമല്ല. ചോർച്ചയുള്ളതിനാൽ മാറ്റി നൽകാൻ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും മാറ്റി നൽകിയിട്ല്ല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രൈബൽ വകുപ്പിലെ സൈറ്റ് മാനേജർ ആയിരുന്ന ശ്രീനാഥ് മുഖാന്തരം കുഞ്ഞുമോൻ എന്നയാളാണ് പ്രവർത്തികളധികവും കരാറെടുത്തത്. അന്വേഷണസംഘം നാലു വീടുകളിൽ പി.ഡബ്ല്യു.ഡി അസി. എഞ്ചിനീയറുടെ സഹായത്തോടെ നിർമാണത്തിന്റെ ഗുണനിലവാരം ചെലവഴിച്ച തുക സംബന്ധിച്ച് പരിശോധന നടത്തി. നിർമാണത്തിന് ഗുണനിലവാരം ഇല്ലാത്ത മെറ്റീരിയൽസ് ഉപയോഗിച്ചതായി കണ്ടെത്തി. അതിനാലാണ് വീടിന് ചോർച്ച നിലനിൽക്കുന്നതെന്ന് എൻജിനീയർ റിപ്പോർട്ട് നൽകി.

ഗുണനിലവാരം ഇല്ലാത്ത സാമഗ്രികൾ ഉപയോഗിച്ച് നിർമാണങ്ങൾ നടത്തിയത് വഴി സംഭവിച്ച തകരാറുകൾക്ക് പ്രവർത്തിയുടെ വിവിധ ഘട്ടങ്ങളിൽ സർട്ടിഫിക്കറ്റ് നൽകിയ സൈറ്റ് മാനേജരും അവസാനിക്കുന്ന സർട്ടിഫിക്കറ്റ് നൽകിയ എഞ്ചിനീയറുടെയും വിശദീകരണവും അപാകതകൾ പരിഹരിക്കുന്നതിനായി സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെട്ട് അന്വേഷണക്കുറിപ്പ് നൽകിയിരുന്നു. എന്നാൽ, വ്യക്തമായ മറുപടി ലഭിച്ചില്ല.

സർക്കാർ പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രവർത്തിയുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനുണ്ട്. പ്രവർത്തിയുടെ നിർമാണ ഘട്ടത്തിൽ നിർവഹണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ശ്രദ്ധ ഉണ്ടായിട്ടില്ല. ജില്ലാ ഓഫീസർ, സൈറ്റ് മാനേജർ എന്നിവർക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച വീഴ്ച മറച്ചുവെക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി.  

Tags:    
News Summary - Adivasi Rehabilitation Project: Reportedly, the officials suffered serious setbacks in the maintenance of houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.