തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ച സർക്കാർ നീക്കം സമയംനീട്ടൽ തന്ത്രം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ ചോദ്യംചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29ന് വിധിപറയാനിരിക്കുകയുമാണ്. ഇതിനിടെ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചതിലൂടെ പൊലീസ് നടപടിക്രമങ്ങളുടെ മറവിൽ അന്വേഷണസമയം നീട്ടാനാണ് സർക്കാർ ശ്രമം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എ.ഡി.എമ്മിന്‍റെ മരണം ചർച്ചയാകാതിരിക്കാനും പാർട്ടിക്കുള്ളിലെ വിയോജിപ്പ് ശമിപ്പിക്കാനും ‘അന്വേഷണം പൂർത്തിയായിട്ട് നടപടി’യെന്ന മറുപടി പാർട്ടിക്കും സർക്കാറിനും പിടിവള്ളിയാകും.
എ.ഡി.എമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടന്നത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ദിവ്യക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും വാദിച്ചു. അതിനുശേഷം അറസ്റ്റോ ചോദ്യംചെയ്യലോ നടപ്പാക്കാതെ ദിവ്യയെ സംരക്ഷിക്കുകയാണ്.
അന്വേഷണത്തിന് പുതിയ സംഘം വരുന്നതോടെ ഫയലുകൾ വിളിച്ചുവരുത്തി പുനഃപരിശോധിച്ചും മറ്റും കേസ് നീട്ടിക്കൊണ്ടുപോകാനുമാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എ.ഡി.ജി.പി എം.ആർ. അജിത്കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഘടകകക്ഷിയായ സി.പി.ഐയുടെ അടുത്ത് സി.പി.എമ്മും സർക്കാറും ഈ തന്ത്രമാണ് പ്രയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.