അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ. ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനായിരുന്ന മാത്യു തോമസ് പാർട്ടിയുമായുള്ള മുൻധാരണ പ്രകാരം രാജിവച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഷിയോ പോൾ ഒൻപതിനെതിരെ 16 വോട്ടുകൾ നേടി തെരഞ്ഞെടുക്കപ്പെട്ടത്. 30 അംഗ കൗൺസിലിൽ കോൺഗ്രസ്-15, എൽ.ഡി.എഫ്-10, സ്വതന്ത്രർ-മൂന്ന്, എൻ.ഡി.എ-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുൻ ചെയർമാൻമാരായ മാത്യു തോമസ് ഷിയോ പോളിൻ്റെ പേര് നിർദ്ദേശിക്കുകയും, റെജി മാത്യു പിന്താങ്ങുകയും ചെയ്തു. എൽ.ഡി.എഫിൽ നിന്ന് പ്രതിപക്ഷ നേതാവുകൂടിയായ സി.പി.എമ്മിലെ ടി.വൈ. ഏല്യാസായിരുന്നു ചെയർമാൻ സ്ഥാനാർഥി. ഗ്രേസി ദേവസി നിർദ്ദേശിക്കുകയും, മോളി മാത്യു പിന്താങ്ങുകയും ചെയ്തു. എൽ.ഡി.എഫിലെ ജനതാദൾ പ്രതിനിധി ബെന്നി മൂഞ്ഞേലിയും, സ്വതന്ത്ര അംഗങ്ങളായ വിൽസൺമുണ്ടാടനും ഹാജരായില്ല. മറ്റൊരു സ്വതന്ത്ര അംഗം റോസിലി തോമസും ഷിയോ പോളിന് അനുകൂലമായി വോട്ട് ചെയ്തു. എൻ.ഡി.എ അംഗങ്ങൾ വിട്ടുനിന്നു. അതോടെയാണ് ഷിയോ പോളിന് 16 വോട്ടും, ടി.വൈ. ഏല്യാസിന് ഒൻപത് വോട്ടും ലഭിച്ചത്.
നായത്തോട് 16-ാം വാർഡ് കൗൺസിലറായ അഡ്വ. ഷിയോ പോൾ അങ്കമാലി മേഖലയിലെ പൊതു, സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. 2000-2002, 2003-2005 എന്നീ കാലയളവിൽ രണ്ട് വർഷം വീതം നാല് വർഷം അങ്കമാലി നഗരസഭയിൽ ചെയർമാനായിരുന്നു. 2020-2025 കാലയളവിൽ നഗരസഭയിൽ ആദ്യ രണ്ട് വർഷമാണ് റെജി മാത്യുവും, തുടർന്നുള്ള രണ്ട് വർഷം മാത്യു തോമസും ചെയർമാനായത്. ഷിയോ പോളിന് ഇനി ഒരു വർഷമാണ് ചെയർമാൻ സ്ഥാനം അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.