മാനന്തവാടി: പാലത്തിനരികെ ഒരു ജോടി ചെരിപ്പും ഒരു ആത്മഹത്യ കുറിപ്പും. കുറിപ്പിലെ പേരും വിലാസവും കാപ്പുംചാൽ കല്ലിട്ടാങ്കുഴി ജയേഷിന്റേതായിരുന്നു. ഇതോടെ ജയേഷിനെ പുഴയിൽ കാണാതായതായി നാട്ടുകാർ സംശയിച്ചു. ദ്രുതകർമ സേനയും അഗ്നിരക്ഷാ സേനയും തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകരുമടക്കം വമ്പൻ സന്നാഹങ്ങളുമായെത്തി തിരച്ചിൽ തുടങ്ങി. ഒരു പകൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ‘കാണാതായ’ 39കാരനെ കണ്ടെത്താനായില്ല.
കൊയിലേരി പാലത്തിന് മുകളിലാണ് കഴിഞ്ഞ ദിവസം ജയേഷിന്റെ ചെരുപ്പും കുറിപ്പും കണ്ടത്. ഇയാളെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.
പകൽ മുഴുവൻ നീണ്ട തിരച്ചിലിനുശേഷം ഞായറാഴ്ച രാത്രിയിൽ പൊടുന്നനെ ജയേഷിന്റെ മൊബൈൽ ഫോൺ ഓണായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പിന്നീട് സ്വിച്ച് ഓഫായ ഫോൺ തിങ്കളാഴ്ച വീണ്ടും ഓണായി. ഇതിൽ പോലീസിന് സംശയം തോന്നിയതിനാൽ തിങ്കളാഴ്ച തിരച്ചിൽ നടത്തിയിരുന്നില്ല.
തിരച്ചിൽ താൽക്കാലികമായി നിർത്തിയതിനിടെ തിങ്കളാഴ്ച രാവിലെ കുറുക്കൻമൂലയിലുള്ള വീട്ടിൽ ജയേഷിനെ കണ്ടെത്തുകയായിരുന്നു. കൊയിലേരി പാലത്തിന് മുകളിൽ കുറിപ്പെഴുതി വെച്ച് വ്യാപകമായ തിരച്ചിലിന് വഴിയൊരുക്കിയത് എന്തുകൊണ്ടാണെന്ന് ഇയാൾ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.