തൃശൂർ: 1991ൽ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായിരുന്നു ‘സന്ദേശം’. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി പരിഗണിക്കുന്ന സിനിമ തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ജി. ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് അന്തിക്കാട്ട് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ആ കാലം ഓർത്തെടുത്തത്. സംവിധായകൻ സത്യൻ അന്തിക്കാട് വേദിയിലിരിക്കെയായിരുന്നു വി.ഡി. സതീശന്റെ വെളിപ്പെടുത്തൽ.
‘വക്കീൽ പരീക്ഷയൊക്കെ എഴുതി നല്ല മാർക്കോടെ പാസായി, എൻറോൾ ചെയ്തു. എങ്കിലും കെ.എസ്.യു വിടാനുള്ള മടി കാരണം പ്രാക്ടീസ് ചെയ്യാൻ പോയിരുന്നില്ല. കുറേക്കാലം ഉഴപ്പി നടന്നു. അതിനിടയിലാണ് ‘സന്ദേശം’ കണ്ടത്. സിനിമയുടെ ക്ലൈമാക്സിൽ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിർത്തിവെച്ച് ശ്രീനിവാസൻ വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുകയാണ്. എനിക്കാണെങ്കിൽ വക്കീൽ ഓഫിസ് എല്ലാം നേരത്തെ പറഞ്ഞുവെച്ചിരിക്കുകയാണ്. എല്ലാം റെഡിയാക്കിയിരുന്നു. പക്ഷേ, അഞ്ചാറു മാസമായി അവിടേക്ക് പോകുന്നുണ്ടായിരുന്നില്ല. സിനിമ കണ്ടതിന്റെ പിറ്റേദിവസംതന്നെ ഞാൻ ഓഫിസിൽ പോയി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. ഇക്കാര്യം ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല’ -വി.ഡി സതീശൻ പറഞ്ഞു.
‘ഇന്ന് ഏറ്റവും വലിയ പിൻബലം കുറച്ച് നാളെങ്കിലും പ്രാക്ടീസ് ചെയ്തതിന്റെ സന്തോഷമാണ്. നിയമപരമായി കുറച്ച് കാര്യങ്ങൾ സംസാരിക്കുമ്പോഴും നിയമനിർമാണത്തിൽ ഇടപെടുമ്പോഴും അഞ്ചെട്ട് കൊല്ലക്കാലം പ്രാക്ടീസ് ചെയ്തതിന്റെ അനുഭവമാണ് സഹായിക്കുന്നത്. അതിന്റെ കാരണഭൂതനാണ് സത്യൻ അന്തിക്കാട്. ആ സിനിമ കണ്ട ശേഷം പ്രാക്ടീസ് തുടങ്ങുകയും രാത്രി ഒരുമണി വരെയൊക്കെ ആത്മാർത്ഥതയോടെ ഇരിക്കുകയും ചെയ്തിട്ടുണ്ട്. പിറ്റേന്നു രാവിലെ എട്ടിന് തന്നെ ഓഫിസിലെത്തിയും ജോലി ചെയ്യാൻ സാധിച്ചു. അതിന്റെ സന്തോഷം കൂടി പങ്കുവെക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, സത്യൻ അന്തിക്കാട്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എം.പി, സുനിൽ അന്തിക്കാട്, കെ.ബി. രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.