തിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ കെൽട്രോണും എസ്.ആർ.ഐ.ടിയും തമ്മിലുള്ള കരാറുകൾക്കപ്പുറത്തേക്ക് ഉപകരാറുകളിലേക്ക് വ്യവസായ സെക്രട്ടറിയുടെ പരിശോധനയും നീണ്ടില്ല.
കെൽട്രോൺ നടത്തിയ ഇടപാടുകളും പദ്ധതിയിലെ ഉപകരാറുകളുമാണ് സർക്കാറിന്റെ ആഭിമാന പദ്ധതിയായി വിശേഷിപ്പിച്ച നിർമിത ബുദ്ധി കാമറകളെ സംശയ നിഴലിലാക്കിയത്. ദുരൂഹമായ ഈ ഉപകരാറുകളുടെ നാൾവഴികളിലാണ് മുഖ്യമന്ത്രിയിലേക്കടക്കം സംശയമുന നീണ്ടതും. പ്രതിപക്ഷമടക്കം ഉന്നയിച്ചതും ഉപകരാറുകളുടെ ദൂരുഹതകളും അസ്വാഭാവികതകളുമാണ്. ഇടപാടുകളെല്ലാം സമഗ്രമായി പരിശോധിച്ചെന്ന് അവകാശപ്പെടുമ്പോഴും പദ്ധതിയിലെ ഉപകരാറുകളുടെ കല്ലും നെല്ലും ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. മാത്രമല്ല, എസ്.ആർ.ഐ.ടിയും കെൽട്രോണും തമ്മിലുള്ള കരാർ രേഖകളിൽ ഉപകരാർ കമ്പനികളുടെ പേര് പരാമർശിച്ചത് തന്നെ തെറ്റായിപ്പോയി എന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.
പദ്ധതിക്കായി തുക ചെലവഴിക്കുന്ന കമ്പനികളുടെ പേര് എസ്.ആർ.ഐ.ടിയും കെൽട്രോണും തമ്മിലുള്ള കരാറിൽ പരാമർശിച്ചിരുന്നു. ഇതിൽ തെറ്റില്ലെന്നായിരുന്നു എസ്.ആർ.ഐ.ടിയുടെ വാദം.
അതേസമയം അഭിപ്രായ വ്യത്യാസങ്ങളെതുടർന്ന് കരാറിൽ പറഞ്ഞിരുന്ന സമയത്തെ കമ്പനികൾ പിന്മാറുകയും മറ്റ് കമ്പനികളെ ഏൽപിക്കുകയായുമായിരുന്നു. ഇതടക്കം ഉപകരാർ നടപടികളിലെ ദുരൂഹത നീക്കണമെന്നതായിരുന്നു പ്രതിപക്ഷമടക്കം ഉന്നയിച്ച ആവശ്യം.
സർക്കാർ മുൻകൂട്ടി പണം ചെലവഴിച്ച പദ്ധതിയല്ല എ.ഐ കാമറ. ഉപകരാർ ഏറ്റെടുത്ത കമ്പനികൾ പണം മുടക്കുകയും ഇവർക്കുള്ള തുക, പിഴയിൽനിന്ന് ഗഡുക്കളായി തിരിച്ചടയ്ക്കുകയും ചെയ്യും വിധത്തിലാണ് ക്രമീകരണം.
ഫലത്തിൽ കരാറോളം പ്രധാനപ്പെട്ടതാണ് ഉപകരാറുകളും. അതേസമയം ഉപകരാറുകൾ തങ്ങളുടെ പരിധിയിൽ വരില്ലെന്നതാണ് വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ സർക്കാർ വിശദീകരണം. ഭാവിയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ ഒരു ഉന്നതാധികാര സമിതി രൂപവത്കരിക്കണമെന്ന നിർദേശം റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.