എ.ഐ.സി.സി തെരഞ്ഞെടുപ്പ്: ജില്ല കോൺഗ്രസിൽ തെളിഞ്ഞത് പുതിയചേരി

കോഴിക്കോട്: എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ ജില്ലയിൽ രൂപപ്പെട്ടത് എ, ഐ ഗ്രൂപ്പൂകൾക്കുമപ്പുറത്ത് പുതിയചേരി. എം.കെ. രാഘവൻ, ടി. സിദ്ദീഖ് ടീമിന്റെ ഇടപെടലിൽ ശ്രദ്ധേയമായിരുന്നു കഴിഞ്ഞദിവസങ്ങളിലെ കോൺഗ്രസിനകത്തെ ചർച്ചകൾ. ജില്ലയിൽ ആകെ 26 വോട്ടുകളിൽ പത്തെണ്ണം ശശി തരൂരിന് അനുകൂലമാക്കാൻ സാധിച്ചതായാണ് കണക്ക്.

എം.കെ. രാഘവൻ എം.പി പരസ്യമായി തരൂരിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ എ, ഐ ഗ്രൂപ്പുകളിലെ മുതിർന്ന നേതാക്കളടക്കം തരൂരിനെ പിന്തുണച്ചു. കെ.സി. അബു, എൻ.കെ. അബ്ദുറഹ്മാൻ, കെ.എം. ഉമ്മർ, ബാലകൃഷ്ണക്കിടാവ്, എ. അരവിന്ദൻ, മഠത്തിൽ നാണു, രത്നവല്ലി ടീച്ചർ എന്നിവരാണ് ജില്ലയിൽനിന്ന് പരസ്യമായി തരൂരിനെ പിന്തുണച്ചത്.

മുതിർന്ന നേതാക്കളെയടക്കം ഗ്രൂപ്പിനതീതമായി ഏകോപിപ്പിക്കാനായി എന്നതാണ് പുതിയ ചേരിയെ ശ്രദ്ധേയമാക്കിയത്. ഇതുകൂടാതെ രണ്ട് വോട്ടുകൾ കൂടി എ.ഐ വിഭാഗങ്ങളിൽനിന്ന് തരൂരിന് ലഭിച്ചുവെന്നാണ് സൂചന. അതാരുടേതെല്ലാമാണെന്നകാര്യം രഹസ്യമാണ്.

രാഘവൻ -സിദ്ദീഖ് കൂട്ടുകെട്ടിന്റെ ശക്തിയാണ് ഇതിലൂടെ തെളിഞ്ഞതെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച. ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ വിഭാഗത്തിൽനിന്ന് ഐ വിഭാഗത്തിലെ അഡ്വ. കെ. പ്രവീൺകുമാറിന് ലഭ്യമാക്കിയതിലും ഈ പുതിയ ചേരിയുടെ ഇടപെടലുണ്ടായിരുന്നു.

ജില്ലയിൽനിന്ന് കെ.പി. ഉണ്ണികൃഷ്ണനൊഴികെ 26 കെ.പി.സി.സി അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. സംഘടന തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംവാദക്ഷമമാക്കി, മികച്ചപ്രകടനം കാഴ്ചവെച്ച പ്രിയസുഹൃത്ത് ഡോ. ശശി തരൂരിന് അഭിനന്ദനങ്ങള്‍ നേരുന്നതായി എം.കെ. രാഘവൻ എം.പി ഫേസ്ബുക്കിൽ കുറിച്ചു.

ജനാധിപത്യത്തിന്റെ സൗന്ദര്യം കൃത്യമായി വരച്ചുകാട്ടിയ പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസെന്ന വികാരമാണ്. സംഘടനയെ ചലനാത്മകമാക്കാനും കൂടുതല്‍ ഉണര്‍വിലേക്ക് നയിക്കാനും ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പ് സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ എ.ഐ.സി.സി പ്രസിഡന്റിന്റെ വരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് വ്യാഴാഴ്ച ഡി.സി.സിയിൽ ചടങ്ങ് നടക്കുന്നുണ്ട്.

Tags:    
News Summary - AICC Elections- new way emerged in the District Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.