തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിമ്പലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തൊട്ടടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമം കൊണ്ടുവരണം. തങ്ങളുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലെ നിയമനം സർക്കാരിന് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാർഹമാണ്. കാലങ്ങളായി മാനേജ്മെന്റുകൾ നിയമിക്കുകയും സർക്കാർ ശമ്പളം നൽകുകയും ചെയ്യുന്ന രീതിയാണ് എയ്ഡഡ് സ്കൂളുകളിൽ തുടരുന്നത്.
സംവരണ തത്വം പാലിക്കാറില്ല എന്നു മാത്രമല്ല നാമമാത്രമായ പ്രാതിനിധ്യം പോലും പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് നിയമനത്തിൽ ലഭ്യമാകാറില്ല. വലിയ സംഖ്യ ഉദ്യോഗാർത്ഥികളിൽ നിന്ന് കോഴ വാങ്ങിയാണ് ഒട്ടുമിക്ക എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനം നടക്കാറുള്ളത്. ഈ സമ്പ്രദായം മാറുകയും സംവരണ തത്വമടക്കം പാലിച്ച് യോഗ്യതയുള്ളവരെ നിയമിക്കുന്ന തരത്തിൽ നിയമനം പി.എസ്.സിക്ക് വിടുകയും ചെയ്യണം. എസ്.എൻ.ഡി.പി യോഗം ശക്തമായ ബഹുജന സമ്മർദ്ദം സർക്കാരിൽ ചെലുത്തണമെന്നും മറ്റ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളും വിദ്യാലയങ്ങൾ നടത്തുന്ന മത-സാമുദായിക സംഘടനകളും ഈ നിലപാടിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.