തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധിക തസ്തികകളിൽ സംരക്ഷിത അധ്യാപകരെ നിയമിക്കാൻ തയാറാകുന്ന സ്കൂളുകളിലെ നിയമനാംഗീകാരത്തിന് സർക്കാർ വഴി തുറക്കുന്നു. സംരക്ഷിത അധ്യാപകരെ നിയമിക്കാൻ അംഗീകൃത ഒഴിവ് നിലനിൽക്കുന്നുണ്ടെന്ന് മാനേജ്മെൻറുകൾക്ക് സത്യപ്രസ്താവന സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 23വരെ നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. തസ്തികകളിൽ ഒന്ന് സംരക്ഷിത അധ്യാപക നിയമനത്തിന് (1:1 അനുപാതത്തിൽ) വിട്ടുനൽകാൻ തയാറുള്ള സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സർക്കാർ തലത്തിൽ ധാരണയായിരുന്നു.
ഇതുപ്രകാരമാണ് സമയം നീട്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി സർക്കുലർ ഇറക്കിയത്. 2019 വരെ ഒഴിവുള്ള തസ്തികകൾ സർക്കാറിന് സമർപ്പിക്കുന്നതിനുള്ള സത്യപ്രസ്താവന നിശ്ചിത സമയപരിധിക്കുള്ളിൽ നൽകാൻ കഴിഞ്ഞില്ലെന്ന് നിവേദനവും ലഭിച്ചിരുന്നു.
ജൂൺ ആറിനകം ലഭ്യമായ അംഗീകൃത ഒഴിവ് നിലനിൽക്കുന്നുണ്ടെന്ന വ്യവസ്ഥയോടെയുള്ള സത്യപ്രസ്താവനയാണ് സമർപ്പിക്കേണ്ടത്. ഇൗ വിഷയത്തിൽ ഇതിനകം നിരസിച്ച നിയമനാംഗീകാര പ്രൊപ്പോസലുകൾ അപ്പലേറ്റ് ഉത്തരവ് കൂടാതെ പരിഗണിച്ച് തീർപ്പാക്കാനും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.