കൊച്ചിയിലും കണ്ണൂരിലും എയർ ഇന്ത്യ വിമാനങ്ങൾ ഇന്നും റദ്ദാക്കി

കൊച്ചി/കണ്ണൂർ: കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് സർവിസും കണ്ണൂർ വിമാനത്താവളത്തിൽ അഞ്ച് സർവിസുകളുമാണ് റദ്ദാക്കിയത്.

നെടുമ്പാശ്ശേരിയിൽ രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സർവിസ്, 8.50ന് പുറപ്പെടേണ്ട മസ്കത്ത് സർവിസ് എന്നിവയാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് നേരത്തെ റദ്ദാക്കൽ വിവരം നൽകിയതിനാൽ മറ്റ് പ്രശ്നങ്ങളില്ല.

കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവിസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം, കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവിസുകൾ പുന:രാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവിസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവിസ് നടത്തി.

രണ്ട് ദിവസം നീണ്ട എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം ഇന്നലെ രാത്രി നടത്തിയ ചർച്ചയോടെ ഒത്തുതീർപ്പായിരുന്നു. ഡൽഹിയിൽ റീജനൽ ലേബർ കമീഷണറുടെ മധ്യസ്ഥതയിൽ മാനേജ്മെന്റ് പ്രതിനിധികളും എയർഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂനിയൻ പ്രതിനിധികളും നടത്തിയ യോഗത്തിലാണ് സമവായത്തിലെത്തിയത്.

സമരത്തെതുടർന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്നും തൊഴിലാളികൾ ഉന്നയിച്ച പ്രശ്നം പരിശോധിക്കുമെന്നും മാനേജ്മെന്റ് ഉറപ്പുനൽകി. ഇതോടെ സമരം പിൻവലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു. അവധിയെടുത്തവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കി ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നാണ് വിവരം. മേയ് 28ന് വീണ്ടും ചർച്ച നടത്താനും തീരുമാനമായി. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ മാനേജ്മെന്റ് പ്രതിനിധികളും യൂനിയനും ഒപ്പുവെച്ചു.

Tags:    
News Summary - Air india flights cencelled in Kochi and Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.