നെടുമ്പാശ്ശേരി: വിമാനത്താവളത്തിലെ വിവിധ വിമാനക്കമ്പനികളുടെ കൗണ്ടർ ജീവനക്കാർ യാത്രക്കാരെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതായി പരാതി. വേണ്ടത്ര പരിശീലനമില്ലാത്ത െട്രയിനികളാണ് പല കൗണ്ടറിലുമുള്ളത്. യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നതുൾപ്പെടെ ഒരു പരിശീലനവും പലർക്കും കിട്ടിയിട്ടില്ല.
ബാഗേജിൽ വിമാനയാത്രയിൽ കൊണ്ടുപോകാൻ കഴിയാത്ത സാധനങ്ങളുണ്ടെങ്കിൽ മാന്യമായ രീതിയിൽ വിവരണം നൽകുകയാണ് വേണ്ടത്. പിന്നീട് സി.ഐ.എസ്.എഫിെൻറ സാന്നിധ്യത്തിൽ യന്ത്രസംവിധാനത്തിൽ പരിശോധനയുമുണ്ട്. എന്നാൽ, ചില ജീവനക്കാർ യാത്രക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിൽ ബോംബ് ഇല്ലല്ലോ തുടങ്ങിയ പരിഹാസ രൂപേണയുള്ള ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. യാത്രക്കാരിൽ ഏറെയും പതിവായി യാത്ര ചെയ്യുന്നവരാണ്. ഇത്തരം ചോദ്യങ്ങൾ ചോദിച്ച ശേഷം ജീവനക്കാർ പരസ്പരം ചിരിക്കുന്നതും മറ്റുമാണ് യാത്രക്കാരെ പ്രകോപിതരാക്കുന്നത്. യാത്രക്കാർ പ്രതികരിച്ചാൽ അപ്പോൾതന്നെ മോശമായി പെരുമാറിയെന്ന് റിപ്പോർട്ട് തയാറാക്കി യാത്ര നിഷേധിച്ച് െപാലീസിന് കൈമാറുകയാണ് ചെയ്യുന്നത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുക്കുന്നത്. സ്റ്റേഷനിൽനിന്ന് ജാമ്യം നൽകുമെങ്കിലും പിന്നീട് കോടതി കയറേണ്ടതായി വരും. പലരും 5000 മുതൽ 10,000 വരെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഗൾഫിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശി അബ്ദുൽ മുനീറിനോട് ബാഗേജിൽ ബോംബ് ഒന്നുമില്ലല്ലോയെന്ന് പരിഹസിച്ചു. കുപിതനായ അദ്ദേഹം ബോംബുണ്ടെന്ന് പ്രതികരിച്ചപ്പോൾ യാത്ര നിഷേധിച്ച് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. പൊലീസ് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ആറു മാസത്തിനിടെ നിരവധി കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. പല വിമാനക്കമ്പനികളും സീറ്റുള്ളതിനേക്കാൾ കൂടുതൽ ടിക്കറ്റ് വിതരണം ചെയ്യാറുണ്ട്. അധിക യാത്രക്കാരെ ഒഴിവാക്കാനാണ് ഇത്തരം പ്രകോപിപ്പിക്കലെന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്ന് ഇതേക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.