ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം നൽകി അഖിൽ മാരാർ; സംഭാവന നൽകിയത് ജനാധിപത്യ മര്യാദയുടെ ഭാഗമായെന്ന് പോസ്റ്റ്

കോഴിക്കോട്: വാക്പോരിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി ചലച്ചിത്ര പ്രവർത്തകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. സംഭാവന നൽകിയത് ജനാധിപത്യ മര്യാദയുടെ ഭാഗമാണെന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടെന്ന് ഒരാളോടും പറഞ്ഞിട്ടില്ലെന്നും അഖിൽ വ്യക്തമാക്കി.

നാട്ടിൽ വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവൃത്തി കൊണ്ടാണ്. മഹാരാജാവ് ചമയാതെ മനുഷ്യനായി, മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്കുക. ജനങ്ങൾ കൂടെ ഉണ്ടാകും. അടുത്ത തെരഞ്ഞെടുപ്പ് മറക്കേണ്ടെന്നും അഖിൽ മാരാർ പോസ്റ്റിലൂടെ വ്യക്തമാക്കി. ദുരിതാശ്വാസനിധി സംഭാവന നൽകിയതിന്‍റെ രസീതും എഫ്.ബിയിൽ പങ്കുവെച്ചിട്ടുണ്ട്.

അഖിൽ മാരാരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകൾ ആയ ജനങ്ങൾ ആണ് പലപ്പോഴും കമ്മ്യൂണിസ്റ് പാർട്ടിയുടെ ശക്തി...

തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ഭയം ഇവരിൽ സൃഷ്ട്ടിച്ചു എടുത്തതാണ്..

പാർട്ടിയുടെ നയത്തെ എതിർത്ത യഥാർത്ഥ കമ്മ്യൂണിസ്റ്കാരെ വെട്ടിയൊതുക്കി യാതൊരു കമ്മ്യൂണിസ്റ് മൂല്യവും ഇല്ലാത്ത ഒരു മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ ദുരന്ത മുഖത്തു രാഷ്ട്രീയം പറയല്ലേ എന്ന വാദത്തിന് പ്രസക്തി നഷ്ട്ടപെടുന്നത് ഇന്നലെകളിലെ പ്രവർത്തിയാണ്... പ്രളയത്തിനും കോവിഡിനും സമയം ലഭിച്ച തുക എവിടെ ചിലവഴിച്ചു എന്ന ചോദ്യത്തിന് മറുപടി നൽകാതെ ഉരുണ്ട് കളിച്ചവർ വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ രാഷ്ട്രീയം പറയരുത് എന്ന വാദങ്ങൾ നിരത്തി മുങ്ങുകയല്ല വേണ്ടത്.. അഭിമാനത്തോടെ ആത്മധൈര്യത്തോടെ ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ പുറത്ത് വിട്ട ശേഷം സർക്കാരിനെ സഹായിക്കാൻ പറയണം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു... ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല.. പകരം 3 വീടുകൾ വെച്ചു നൽകും എന്ന് പറഞ്ഞു.. കണക്കുകൾ 6 മാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു...

ഞാൻ ഉയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു... 2019വരെ ചിലവഴിച്ച കണക്കുകളുടെ ഓഡിറ്റ് റിപ്പോര്ട്ട് പൂർത്തിയായി.. അത് നിങ്ങൾക്ക് ലഭിക്കും..

രണ്ടാമത് KSFE കുട്ടികൾക്ക് പഠിക്കാൻ ലാപ്ടോപ് നൽകിയതിന് 81കോടി നൽകി...

എന്നാലിത് വലിയൊരു അഴിമതി ആണോ അല്ലിയോ എന്നത് പ്രതിപക്ഷം പഠിക്കണം... അതായത് കോകോനിക്സ് എന്ന കമ്പനി ഉണ്ടാക്കിയ തട്ടിക്കൂട്ട് ലാപ്ടോപ്പുകൾ KSFE വഴി കുട്ടികൾക്ക് നൽകി.. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ 70%ലാപ്ടോപ്പുകളും നശിച്ചു... പരാതിയുമായി അലഞ്ഞ പാവങ്ങളെ KSFE യും കമ്പനിയും ചതിച്ചു എന്ന് കുട്ടികളും രക്ഷകർത്താക്കളും പറയുന്നു...കോകോനിക്സ് കമ്പനിയുടെ ഒരു മേജർ share KSIDC യുടെ കൂടിയാണ്..

KSIDC യും മുഖ്യമന്ത്രിയുടെ മകൾ വീണമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ നേരത്തെ നമുക്ക് മുന്നിലുണ്ട്.. അത് കൊണ്ട് ഈ ലാപ്ടോപ്പുകൾ ആർക്കൊക്കെ ലഭിച്ചു...ലഭിച്ചവരുടെ പിന്നീടുള്ള അവസ്ഥ.. ഇകാര്യങ്ങൾ പൊതു ജനമധ്യത്തിൽ കൊണ്ട് വരാൻ പ്രതിപക്ഷത്തിന് കഴിയട്ടെ...

ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ തരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല.. അബ്ദുൽ റഹ്മാന് വേണ്ടി 4 ദിവസം കൊണ്ട് 34 കോടി സ്വരൂപിച്ച നാട്ടിൽ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്..

എന്നാൽ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു..

സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങൾക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ...

ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹത പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നൽകും...

NB : കേസെടെടുത്തു വിരട്ടാൻ നോക്കിയപ്പോൾ ഞാൻ പ്രതികരിച്ചതും മുഖ്യമന്ത്രി മറുപടി നൽകിയപ്പോൾ ഞാൻ പ്രതികരിച്ചതും രണ്ട് രീതിയിൽ ആണ്...

അത് കൊണ്ട് മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്.. ജനങ്ങൾ കൂടെ ഉണ്ടാകും...

ബാക്കി കണക്കുകൾ പുറത്ത് വന്ന ശേഷം... അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട..

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായി ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി അഖിൽ മാരാർക്കെതിരെ ഇൻഫോപാർക്ക് ​പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച് വിവേചനാധികാരം മുഖ്യമന്ത്രിക്കാണെന്നും അഖിൽ ആരോപിച്ചു. പിണറായി വിജയൻ കേരളത്തെ രക്ഷിച്ച ജനനായകനല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ പോസ്റ്റിൽ വിമർശിച്ചിരുന്നു.

Tags:    
News Summary - Akhil Marar gave 1 lakh to the Chief Minister's relief fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.