കോഴിക്കോട്: സ്വപ്നങ്ങളേറെയുണ്ട് ശ്രീജിതയെന്ന എട്ടാം ക്ലാസുകാരിക്ക്. പഠിച്ചൊരു ഡോക്ടറാകണം, അതിനൊപ്പം അറിയപ്പെടുന്ന നർത്തകിയും. ഇവയെല്ലാം വലുതാവുമ്പോൾ സാധിക്കാവുന്നതേയുള്ളൂ. എന്നാൽ, അന്തിയുറങ്ങാൻ അടച്ചുറപ്പുള്ളൊരു വീടെന്ന വർഷങ്ങളായുള്ള അവളുടെ വലിയൊരു സ്വപ്നത്തിനാണ് അക്ഷരവീടിലൂടെ ചിറകുമുളക്കുന്നത്. ‘മാധ്യമം’, അഭിനേതാക്കളുടെ സംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമായ അക്ഷരവീട് പദ്ധതിയിലെ പത്താമത് വീടാണ് നൃത്തരംഗത്ത് ഉദിച്ചുയരുന്ന കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ കരീറ്റിപ്പറമ്പ് നൂഞ്ഞിക്കര ബാബുവിെൻറയും സുജിതയുടെയും ഏകമകളായ ശ്രീജിതക്കായി ഒരുങ്ങുക. ഇവരുടെ കുടുംബസ്വത്തിൽനിന്ന് ലഭിച്ച ആറു സെൻറിലായിരിക്കും ‘ഐ’ എന്നു പേരിട്ട അക്ഷരവീട് ഉയരുക.
കരുവൻപൊയിൽ ഗവ. എച്ച്.എസ്.എസിൽ പഠിക്കുന്ന ശ്രീജിത ഒമ്പതുവർഷമായി നൃത്തമഭ്യസിക്കുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിലെല്ലാം ചുവടുപിഴക്കാതെ ആടിത്തിമിർക്കുമ്പോഴും ഉള്ളിൽ നൊമ്പരമായിരുന്നു. ഷീറ്റുകൊണ്ട് മറച്ച ഒരു മുറിയും അടുക്കളയും മാത്രമുള്ള വീട്. കൂലിപ്പണിക്കാരനായ ബാബു ആയുസ്സ് മുഴുവൻ സമ്പാദിച്ചാലും വീടു പണിയുകയെന്നത് വലിയൊരു ബാധ്യതയാണ്. ഈ സങ്കടത്തിലേക്കാണ് പ്രതീക്ഷയുടെ തിരിനാളമായി അക്ഷരവീടെത്തുന്നത്. കുഞ്ഞുപ്രായത്തിലേ തറവാട്ടിലെ ടി.വിയിൽ കാണുന്ന നൃത്തത്തിനൊപ്പം ചുവടുവെക്കുമായിരുന്നു ശ്രീജിത. മകളുടെ ഉള്ളിലെ താൽപര്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ സാമ്പത്തികപ്രയാസത്തിനിടയിലും ആ പ്രതിഭയെ മിനുക്കിയെടുക്കാൻ ഒപ്പംനിന്നു. അങ്ങനെ മുക്കത്തെ ഷൈജു മാമ്പറ്റയെന്ന നൃത്താധ്യാപകെൻറ ശ്രീപാദം നൃത്തവിദ്യാലയത്തിൽ പരിശീലനം തുടങ്ങി.
ശ്രീജിതയുടെ കഴിവും ജീവിതസാഹചര്യങ്ങളും തിരിച്ചറിഞ്ഞ അദ്ദേഹവും ഭാര്യ ലിജിയും അളവറ്റ പ്രോത്സാഹനം നൽകി. സാമ്പത്തികമായ ഇളവുകൾ നൽകുന്നതിനൊപ്പം ശ്രീജിതയെ അണിയിച്ചൊരുക്കുന്നതും ലിജിയായിരുന്നു. ഉത്സവങ്ങളിലും വിവിധ പരിപാടികളിലുമായി നിരവധി നൃത്തപരിപാടികൾ അവൾ ഇതിനകം അവതരിപ്പിച്ചു. സ്കൂൾ കലോത്സവങ്ങളിലും തിളങ്ങാറുണ്ട്. ഇത്തവണ ജില്ലതലത്തിൽ കുച്ചിപ്പുടിക്ക് എ ഗ്രേഡ് നേടി. സ്വന്തം പരിശ്രമത്താൽ മോണോആക്ടിലും മികവുതെളിയിച്ചു. പങ്കെടുത്ത ഇനങ്ങളിൽ വാരിക്കൂട്ടിയ സമ്മാനങ്ങളും ട്രോഫികളും സൂക്ഷിച്ചുവെക്കാനുള്ള ഇടംകൂടിയാണ് ശ്രീജിതക്ക് അക്ഷരവീടിലൂടെ ഒരുങ്ങുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പട്ടികജാതി ഭവനനിർമാണ സഹായ ഫണ്ടിനും ഇവർ അർഹരായിട്ടുണ്ട്.
ശ്രീജിതക്ക് അക്ഷരവീട് പ്രഖ്യാപിച്ചു
കോഴിക്കോട്: ‘മാധ്യമം’, അഭിനേതാക്കളുടെ സംഘടനയായ അമ്മ, യു.എ.ഇ എക്സ്ചേഞ്ച്, എൻ.എം.സി ഗ്രൂപ് എന്നിവയുടെ സംയുക്ത സംരംഭമായ അക്ഷരവീട് പദ്ധതിയിലെ പത്താമത് വീട് കോഴിക്കോട് കൊടുവള്ളി കരുവൻപൊയിൽ കരീറ്റിപ്പറമ്പ് നൂഞ്ഞിക്കര ശ്രീജിതക്ക് സമ്മാനിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്ലവേഴ്സ് ടി.വി കോമഡി ഉത്സവം പരിപാടിയിലായിരുന്നു പ്രഖ്യാപനം. അക്ഷരവീട് ഫലകം അമ്മ സെക്രട്ടറി ഇടവേള ബാബു, ‘മാധ്യമം’ മാർക്കറ്റിങ് മാനേജർ (പരസ്യം) കെ. ജുനൈസ്, യു.എ.ഇ എക്സ്ചേഞ്ച് നാഷനൽ ഹെഡ് (ലോൺസ്) പ്രമോദ് ഭാസ്കർ എന്നിവർ ചേർന്ന് ശ്രീജിതക്ക് കൈമാറി. സിനിമനടന്മാരായ കലാഭവൻ പ്രജോദ്, ഗിന്നസ് പക്രു, ടിനി ടോം, കോമഡി ഉത്സവം അവതാരകൻ മിഥുൻ രമേശ്, ശ്രീജിതയുടെ മാതാപിതാക്കളായ എൻ. ബാബു, സുജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.