നന്മണ്ട: കാഴ്ചയിലെ പരിമിതികളെ അതിജീവിച്ച് ഈ മിടുക്കന്റെ കരവിരുതിൽ തയാറാവുന്ന മിനിയേച്ചർ രൂപങ്ങൾ ഏതൊരാളിലും കൗതുകമുണർത്തും. പുന്നശ്ശേരി തച്ചിരുകണ്ടി വീട്ടിൽ അക്ഷയ് സുരേഷ് എന്ന 22കാരനാണ് ബസ്, ഓട്ടോറിക്ഷ, കാർ തുടങ്ങി വിവിധ വാഹനങ്ങളുടെ ചെറിയ രൂപങ്ങൾ നിർമിച്ച് ശ്രദ്ധേയനാവുന്നത്. അക്ഷയിയുടെ വലതു കണ്ണിന് ജന്മനാ കാഴ്ചയില്ല, നല്ല വെളിച്ചമുണ്ടെങ്കിലേ ഇടതു കണ്ണിലൂടെ അൽപമെങ്കിലും കാണാൻ സാധിക്കൂ.
ഫോം ഷീറ്റ്, പ്ലാസ്റ്റിക് കുപ്പി, ഗുളികയുടെ പാക്കറ്റ്, റീഫില്ലർ, ടൂത്ത്പേസ്റ്റ് പാക്കറ്റ്, പൊട്ടുകൾ, ചെരിപ്പുപെട്ടികൾ എന്നിവ ഉപയോഗിച്ചാണ് മിനിയേച്ചർ രൂപങ്ങൾ ഉണ്ടാക്കുന്നത്. വികലാംഗ പെൻഷൻ തുകകൊണ്ടാണ് ഫോം ഷീറ്റുകൾ വാങ്ങുന്നത്. നിർമിച്ച ബസിന്റെയും ഓട്ടോറിക്ഷയുടെയുമൊക്കെ രൂപങ്ങൾ വിറ്റുപോയാൽ മാത്രമേ അടുത്തതിനുള്ള പണം ലഭിക്കുകയുള്ളൂ. ബസ് ആരാധകൻകൂടിയായ അക്ഷയ് ബാലുശ്ശേരി-നരിക്കുനി-കോഴിക്കോട് റൂട്ടിലോട്ടുന്ന പല ബസുകളുടെയും രൂപങ്ങളും നിർമിച്ചിട്ടുണ്ട്. ബസിലെ ജീവനക്കാരോ ഉടമകളോ ഇവ വാങ്ങാറുമുണ്ട്. മിനിയേച്ചർ രൂപങ്ങൾ തയാറാക്കാൻ ചിലർ ആവശ്യപ്പെടാറുണ്ടെന്നും അക്ഷയ് പറഞ്ഞു.
കാഴ്ചപരിമിതിയുള്ളതിനാൽ ആഴ്ചകളെടുത്താണ് അക്ഷയ് മിനിയേച്ചർ രൂപങ്ങൾ പൂർത്തിയാക്കുന്നത്. വീടിനു പുറത്തുവെച്ച് മാത്രമേ ഇവ നിർമിക്കാനും കഴിയൂ. വർഷങ്ങളായി അക്ഷയിയുടെ കണ്ണിന് ചികിത്സ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് ഓപറേഷനുകൾ നടന്നു. ജനിച്ചപ്പോൾതന്നെ കണ്ണിന്റെ ഞരമ്പ് പൊട്ടി കാഴ്ച നഷ്ടമാവുകയായിരുന്നു. നിലവിൽ ആയുർവേദ ചികിത്സയാണ് നടത്തുന്നത്.
വലിയൊരു തുക മാസത്തിൽ മരുന്നിന് ആവശ്യമാണ്. അച്ഛൻ സുരേഷിന്റെ കൂലിപ്പണിയിൽനിന്നുള്ള വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. അതുകൊണ്ടുതന്നെ കടം വാങ്ങിയും സുമനസ്സുകളുടെ സഹായംകൊണ്ടുമൊക്കെയാണ് ഇതുവരെയും ചികിത്സ നടത്തിയത്. സ്ഥിരം ഇടപെടുന്ന സ്വന്തം വീടിന്റെ അകത്തുപോലും അക്ഷയിക്ക് പരസഹായം ആവശ്യമാണ്.
അതുകൊണ്ടുതന്നെ അമ്മ ശ്രീജക്ക് മറ്റു ജോലികൾക്കൊന്നും പോകാനും കഴിയുന്നില്ല. പ്ലസ്ടു പഠനം കഴിഞ്ഞ സഹോദരൻ അഭയ് സുരേഷ് അക്ഷയിക്കുവേണ്ട സഹായങ്ങൾ നൽകാറുണ്ട്. സഹോദരനും കാഴ്ച കുറഞ്ഞുവരുന്ന പ്രശ്നമുണ്ട്. ഇതിൽ ചികിത്സ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.