ആലപ്പുഴ: എന്നെ പട്ടി കടിച്ചത് ആരോടും പറയേണ്ടെന്ന് ആലപ്പുഴ ബീച്ച് കാണാനെത്തിയ വിദേശി യുവാവ്. വാർത്തയായാൽ ആലപ്പുഴക്ക് മോശമാണ്. വിദേശികൾ പിന്നെ ബീച്ചിലേക്ക് വരില്ലെന്നും ഇംഗ്ലണ്ടുകാരനായ തോമസ് റിക്ക് പറഞ്ഞു. കൊച്ചിയിൽ നിന്നാണ് 46കാരനായ തോമസ് റിക്ക് കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയത്. ശിക്കാര വള്ളത്തിൽ കായൽ സൗന്ദര്യം നുകർന്നശേഷം ടൂർ ഓപറേറ്റർ ശ്രീവത്സം ബൈജുവിന്റെ സൈക്കിളും വാങ്ങി ആലപ്പുഴ ബീച്ച് കാണാൻ പോയതായിരുന്നു. ബീച്ചിലെത്തി തീരത്തുകൂടി നടക്കവേ പിറകിൽനിന്ന് വന്ന പട്ടി അപ്രതീക്ഷിതമായി കാലിൽ കടിക്കുകയായിരുന്നു.
തിരിഞ്ഞുനോക്കിയപ്പോൾ ചുറ്റും പട്ടികൾ. കടിച്ച പട്ടി തിരിഞ്ഞോടുകയും ചെയ്തു. ബീച്ചിൽ ഫോട്ടോ എടുക്കുകയായിരുന്ന ചിലരുടെ ഫോണിൽ റിക്കിനെ പട്ടി കടിക്കുന്ന ദൃശ്യവും പതിഞ്ഞു. സമീപത്തുണ്ടായിരുന്നവർ ഓടിക്കൂടിയപ്പോഴും മൃഗസ്നേഹിയായ തോമസ് റിക്ക് പട്ടികടിയെ കാര്യമായെടുത്തില്ല. തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കുത്തിവെപ്പിന്റെ എണ്ണം കൂടിയപ്പോൾ, ഇംഗ്ലണ്ടിൽ ആയിരുന്നേൽ രണ്ട് കുത്തിൽ കാര്യം കഴിഞ്ഞേനേയെന്നും തമാശയോടെ പറഞ്ഞു.
12 മണിക്കൂർ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷമാണ് റിക്കിനെ വിട്ടയച്ചത്. ആശുപത്രിയിലെ മികച്ച ചികിത്സക്കും കരുതലിനും നന്ദി അറിയിച്ച റിക്ക് ‘ഈ നാട് സുന്ദരമാണെന്നും പരാതിപ്പെട്ട് ആ സൗന്ദര്യം കളയുന്നില്ലെന്നും ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.