കായംകുളം: അടിസ്ഥാനസൗകര്യവും സുരക്ഷമാനദണ്ഡവും പാലിക്കാതെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കിയതിനെതിരെ പ്രതിഷേധം. ടി.എ കൺെവൻഷൻ സെൻററിലാണ് കേന്ദ്രം ഒരുക്കിയത്. 60 കിടക്കകൾ മാത്രം സജ്ജീകരിക്കാവുന്ന സ്ഥാനത്ത് 140 പേരെ ഉൾക്കൊള്ളിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
മതിയായ വായുസഞ്ചാരമില്ലാത്ത സ്ഥലത്ത് രോഗികളെ സുരക്ഷമാനദണ്ഡം പാലിക്കാതെ കിടത്തിയാൽ രോഗവ്യാപനം വർധിപ്പിക്കും. ആരോഗ്യപ്രവർത്തകർക്ക് പ്രാഥമികകൃത്യ നിർവഹണത്തിനും വിശ്രമത്തിനും സൗകര്യമില്ലെന്നും പരാതിയുണ്ട്.
കൂടിയാലോചനയില്ലാതെ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കിയതാണ് ഇതിനെല്ലാം കാരണമെന്നാണ് ആക്ഷേപം. ഇതിനെതിരെ ഡോക്ടർമാരും ജീവനക്കാരും കൂട്ടത്തോടെ ആശുപത്രി സൂപ്രണ്ടിന് മുന്നിലെത്തി പ്രതിഷേധിച്ചു.
അടിയന്തരമായി അടിസ്ഥാന സൗകര്യം ഒരുക്കിനൽകാമെന്നും സുരക്ഷമാനദണ്ഡം പാലിക്കാമെന്നുമുള്ള ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. താലൂക്ക് ആശുപത്രിയിൽനിന്ന് എഫ്.എൽ.ടി.സികളിലേക്ക് ജീവനക്കാരെ മാറ്റിയതോടെ ജോലിഭാരം വർധിച്ചതായ പരാതിയും ശക്തമാണ്.
തീവ്ര സമൂഹവ്യാപന മേഖലയെന്ന നിലയിൽ നഗരത്തിലെ പരിശോധനകളും ഇടപെടലുകളും കൂടിയായതോടെ ആശുപത്രി ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണ്. ബദൽ സംവിധാനങ്ങളുണ്ടായില്ലെങ്കിൽ സങ്കീർണ സാഹചര്യങ്ങളെ നേരിടുന്നതിൽ പരാജയപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.