ഐ.ടി പാര്‍ക്കുകളില്‍ മദ്യം: ഇടതു സര്‍ക്കാര്‍ മദ്യ മാഫിയകളുടെ കളിപ്പാവയായി മാറി-എസ്.ഡി.പി.ഐ

ഐ.ടി പാര്‍ക്കുകളില്‍ മദ്യം: ഇടതു സര്‍ക്കാര്‍ മദ്യ മാഫിയകളുടെ കളിപ്പാവയായി മാറി-എസ്.ഡി.പി.ഐ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിറക്കിയതിലൂടെ ഇടതു സര്‍ക്കാര്‍ മദ്യ മാഫിയകളുടെ കളിപ്പാവയായി മാറിയിരിക്കുന്നതായി ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ. ഐടി പാര്‍ക്കിലെ മദ്യ ലൈസന്‍സ് ജനങ്ങള്‍ക്കുള്ള ഇടതു സര്‍ക്കാരിന്റെ വാര്‍ഷിക സമ്മാനമാണ്.

മദ്യ നിരോധനമല്ല മദ്യവര്‍ജനമാണ് ഇടതു പക്ഷ നയം എന്നാണ് സിപിഎം പറയുന്നത്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിച്ച് എങ്ങിനെയാണ് മദ്യവര്‍ജനം നടപ്പിലാക്കുകയെന്നു കൂടി സിപിഎം വ്യക്തമാക്കണം. ലഹരി വ്യാപനം മൂലം സംസ്ഥാനം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. അക്രമവും കൊലപാതകവും ഗുണ്ടാ വിളയാട്ടവും ഇല്ലാത്ത ഒരു ദിവസം പോലും കടന്നുപോവുന്നില്ല.

മദ്യം കഴിക്കാന്‍ കാശ് നല്‍കാത്തതിന് മാതാപിതാക്കളെയും ഉറ്റവരെയും നിഷ്‌കരുണം വെട്ടി നുറുക്കുന്ന നാടായി കേരളം മാറിയിരിക്കുന്നു. ഇത്ര അപകടകരമായ സാഹചര്യത്തിലാണ് ഐടി പാര്‍ക്കില്‍ പോലും സുലഭമായി മദ്യം ലഭിക്കുന്ന സാഹചര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ മദ്യ മാഫിയകളുടെയും മദ്യ വില്‍പ്പനയിലൂടെയും പണം ലഭിച്ചിട്ടു വേണം സര്‍ക്കാരിന് ധൂര്‍ത്തടിക്കാന്‍.

നികുതിക്കൊള്ളയിലൂടെ ലഭിക്കുന്ന വരുമാനം ധൂര്‍ത്തിന് തികയുന്നില്ല. ജനങ്ങള്‍ മദ്യപിച്ച് ലക്കില്ലാതെ തമ്മിലടിച്ച് തലകീറിയാലും കുഴപ്പമില്ല സര്‍ക്കാരിന് വരുമാനം വേണം എന്ന സ്വാര്‍ഥ മോഹം മാത്രമാണുള്ളത്. ഐടി മേഖലയിലെ പുതുതലമുറയെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ഇടതു സര്‍ക്കാര്‍ തീരുമാനം വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും.

ലഹരി വേട്ട സംസ്ഥാനത്ത് തകൃതിയായി നടക്കുമ്പോള്‍ തന്നെ മദ്യം ഐടി പാര്‍ലറുകളില്‍ പോലും സുലഭമാക്കുന്ന തീരുമാനം പരിഹാസ്യമാണ്. ഇടതു സര്‍ക്കാരിന്റെ മദ്യ കച്ചവടത്തിന് കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുന്നണി ഘടക കക്ഷികളുടെ നിലപാടുകള്‍ കൂടി വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു. 

Tags:    
News Summary - Alcohol in IT parks: Left government has become a puppet of liquor mafias - SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.