ലവ് ജിഹാദിൽ ആരും ഒപ്പമുണ്ടാകില്ലെന്നും പെൺ മക്കളെ ശ്രദ്ധിച്ചാൽ നല്ലതെന്നും സംവിധായകൻ അലി അക്ബർ. 'ലവ് ജിഹാദിൽ സർക്കാർ ഒപ്പമുണ്ടാകില്ല, കോൺഗ്രസ്സ് ഒപ്പമുണ്ടാവില്ല, ക്രിസ്ത്യാനികളും ഹൈന്ദവരും തങ്ങളുടെ പെണ്മക്കളെ ശ്രദ്ധിച്ചാൽ നല്ലത്. ഇല്ലെങ്കിൽ കാക്ക കൊത്തും' - അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെയാണ്.
സംഘ് പരിവാർ സഹയാത്രികനായ അലി അക്ബർ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ കൊണ്ട് നേരത്തെ തന്നെ കുപ്രസിദ്ധനാണ്. പ്രണയങ്ങളെ സംശയ മുനയിൽ നിർത്തുന്ന ലവ് ജിഹാദ് ആരോപണം ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നിരന്തരം ആരോപിക്കുന്നതാണ്.
ലവ് ജിഹാദ് ആരോപണത്തിൽ യാഥാർഥ്യമില്ലെന്ന് അന്വേഷണ ഏജൻസികളടക്കം കണ്ടെത്തിയിട്ടും വിദ്വേഷ പ്രചാരകർ ഇത് ഇടക്കിടെ ആവർത്തിക്കാറുണ്ട്. സമുദായങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്ന ലവ് ജിഹാദ് പ്രചാരണം ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഗുണം ചെയ്യുമെന്നതിനാലാണ് സംഘ് പരിവാർ സംഘടനകൾ ഈ ആരോപണം നിരന്തരം ഉന്നയിക്കുന്നത്.
1921 ലെ മലബാർ സമരത്തിന്‍റെ 100ാം വാർഷികം പ്രമാണിച്ച് സമരനായകൻ വാരിയംകുന്നത്തിനെ കേന്ദ്ര കഥാപത്രമാക്കി ആഷിക് അബുവിന്‍റെ നേതൃത്വത്തിൽ സിനിമ പ്രഖ്യാപിച്ചതിനെതിരെയും അലി അക്ബർ രംഗത്തെത്തിയിരുന്നു. '1921 പുഴ മുതൽ പുഴ വരെ' എന്ന പേരിൽ വാരിയംകുന്നത്തിനെ വില്ലനായി അവതരിപ്പിച്ച് പുതിയ സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് ആ സിനിമയുടെ നിർമാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.