മാതാപിതാക്കളെ കാണാൻ എല്ലാ മക്കൾക്കും അവകാശമുണ്ട് -വി.ആർ. മഹിളാമണി മലപ്പുറം: മാതാപിതാക്കളെ കാണാൻ എല്ലാ മക്കൾക്കും തുല്യ അവകാശമാണെന്നും അവ നിഷേധിക്കാൻ ആർക്കും കഴിയില്ലെന്നും വനിത കമീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. മറ്റു മക്കളെ കാണാൻ മകൾ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതി കമീഷന്റെ പരിഗണനക്ക് എത്തി. മാതാപിതാക്കളെ കാണാൻ എല്ലാ മക്കൾക്കും അവകാശമുണ്ടെന്ന് കമീഷൻ ഇവരെ അറിയിച്ചു.
മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാതെയിരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്യുന്ന യുവാവിനെതിരെ ഭാര്യ നൽകിയ പരാതി പൊലീസിന് കൈമാറി. ജില്ലയിലെ ആദിവാസി, തീരദേശ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും അവക്ക് പരിഹാരം കാണാനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും വനിത കമീഷൻ അംഗം പറഞ്ഞു.
ആകെ 50 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 11 പരാതികൾ തീർപ്പാക്കി. ഒമ്പത് പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകി. ഗാർഹിക പീഡന പരാതിയാണ് കൂടുതലായി എത്തിയത്. അഭിഭാഷകരായ ബീന കരുവാത്ത്, സുകൃത രജീഷ്, സഖി കോഓഡിനേറ്റർ ശ്രുതി നാരായണൻ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.