പി.വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള നാല് തടയണകളും പൊളിക്കണം; കർശന നിർദേശവുമായി ഹൈകോടതി

കൊച്ചി: പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നേച്വർ റിസോർട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിക്കണമെന്ന് ഹൈകോടതി. ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തടയണകൾ പൊളിക്കണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.

റിസോർട്ട് ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചു നീക്കണമെന്ന് കോടതി നിർദേശിച്ചു. പൊളിച്ചു നീക്കുന്ന നടപടിക്ക് വലിയ ചെലവ് വന്നാൽ അത് റിസോർട്ട് ഉടമകളിൽ നിന്ന് ഈടാക്കണമെന്നും ഹൈകോടതി വ്യക്തമാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പി.വി.ആർ നേച്ചർ റിസോർട്ടും കരാറുകാരൻ ഷെഫീഖ് ആലുങ്കലുമാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന പി.വി. അൻവർ എം.എൽ.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കടാംപൊയിലിലെ പി.വി.ആർ നേച്വർ റിസോർട്ടിലെ തടയണകൾ പൊളിച്ചു നീക്കണമെന്ന് കലക്ടറാണ് ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി തടയണകൾ പൊളിക്കണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. തടയണകൾ പൊളിച്ചു നീക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയും കോടതി പരിഗണിച്ചിരുന്നു.

പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ലക്ഷ്യത്തിന്‍റെ ഭാഗമാണ് കലക്ടറുടെ ഉത്തരവ്. അതിൽ ഇടപെടേണ്ട കാര്യമില്ല. പി.വി.ആർ നേച്വർ റിസോർട്ട്, പി.വി. അൻവർ എന്നിവരെ ഹരജിയിൽ എതിർകക്ഷികളാക്കിയിട്ടുമില്ല. തുടർന്നാണ് തടയണകൾ റിസോർട്ട് അധികൃതർ തന്നെ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉത്തരവാദിത്തം നിർവഹിക്കണം. പഞ്ചായത്താണ് പൊളിച്ചു നീക്കുന്നതെങ്കിൽ റിസോർട്ടിൽ നിന്ന് ഇതിന്‍റെ ചെലവ് ഈടാക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു.

Tags:    
News Summary - All four dams owned by PV Anwar should be demolished; High Court with strict instructions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.