തൃശൂർ: അഖിലേന്ത്യ കിസാൻസഭ ദേശീയ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വരെയുള്ള സമ്മേളനത്തിന്റെ പതാക, കൊടിമര, ദീപശിഖ ജാഥകൾ തിങ്കളാഴ്ച ജില്ലയിലെത്തും. പൊതുസമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് അഞ്ചിന് സംഘാടകസമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണൻ പതാക ഉയർത്തും. കിസാൻസഭ അഖിലേന്ത്യ ജോയന്റ് സെക്രട്ടറി ഇ.പി. ജയരാജൻ ദീപശിഖ ജ്വലിപ്പിക്കും.
പുന്നപ്ര വയലാറിൽനിന്നുള്ള പതാക തൃശൂർ ജില്ല അതിർത്തിയിലെ പൊങ്ങത്ത് എം.കെ. കണ്ണനും കയ്യൂരിൽനിന്നുള്ള കൊടിമരം കടവല്ലൂരിൽ ബേബി ജോണും കീഴ്വെൺമണി, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള ദീപശിഖ വാണിയമ്പാറയിൽ എം.എം. വർഗീസും ഏറ്റുവാങ്ങും. തുടർന്ന് രണ്ടായിരത്തോളം അത്ലറ്റുകളുടെ അകമ്പടിയോടെ തൃശൂരിലേക്ക് ജാഥകൾ പ്രയാണം ചെയ്യും. വൈകീട്ട് നാലിന് ശക്തൻ നഗറിൽ സംഗമിച്ച് അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ എത്തിയാണ് പതാക ഉയർത്തലും ദീപശിഖ ജ്വലിപ്പിക്കലും.
ഫ്രാൻസിൽനിന്നുള്ള രണ്ട് സൗഹാർദ പ്രതിനിധികൾ ഉൾപ്പെടെ 803 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ചൊവ്വാഴ്ച 10.30ന് പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ഉദ്ഘാടനം ചെയ്യും. ഡൽഹി കർഷകസമര നേതാക്കളായ രാകേഷ് ടിക്കായത്ത്, ദർശൻ പാൽ, രാജാറാം സിങ്, ജോഗീന്ദർ സിങ് ഉഗ്രഹാൻ, അതുൽകുമാർ അഞ്ജൻ എന്നിവരെ ആദരിക്കും.
വ്യാഴാഴ്ച നാലിന് തേക്കിൻകാട് മൈതാനിയിൽ ദേശീയ സെമിനാർ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവൻ, ഡോ. പ്രഭാത് പട്നായിക്, ഭഗത്സിങ്ങിന്റെ സഹോദരീപുത്രൻ പ്രഫ. ജഗ്മോഹൻ എന്നിവർ സംസാരിക്കും. പൊതുസമ്മേളനം വെള്ളിയാഴ്ച തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ, എസ്. രാമചന്ദ്രൻ പിള്ള, ഹനൻ മൊള്ള, ഇ.പി. ജയരാജൻ എന്നിവർ സംസാരിക്കും.
പൊതുസമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന റാലിയിൽ ലക്ഷം പേർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ എ.സി. മൊയ്തീൻ എം.എൽ.എ അറിയിച്ചു. പൊതുഗതാഗതം കാര്യമായി തടസ്സപ്പെടാത്ത രീതിയിലാണ് തിങ്കളാഴ്ച ജാഥകളുടെ പ്രയാണവും സമാപന ദിവസത്തെ റാലിയും ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.