ഹേമ കമ്മിറ്റി റിപ്പോർട്ടിലെ എല്ലാ പേരുകളും പുറത്തുവരണമെന്ന് ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഉൾപ്പെടുന്ന എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്ന് ഫെഫ്ക (ഫിലിം എംപ്ലോയീസ്​ ഫെഡറേഷൻ ഓഫ്​ കേരള) സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഫെഫ്ക വനിതാ പ്രവർത്തകരുടെ യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. സംഘടന പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കലല്ല. ഫെഫ്കക്ക് കീഴിലെ മറ്റ്​ യൂനിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നതിനാലാണ്. റിപ്പോർട്ട് വന്നയുടൻ ‘അമ്മ’യും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചേർന്ന് പ്രതികരിക്കാമെന്ന് ഫെഫ്ക തീരുമാനിച്ചതാണ്. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിച്ചു. എന്നാൽ, താരങ്ങൾ ഉൾപ്പെടെ പലരും എതിർത്തു. എതിർ നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ പുരോഗമനം സംസാരിച്ചു.

ജസ്റ്റിസ് ഹേമ മുമ്പാകെ വെളിപ്പെടുത്തല്‍ വന്ന സമയത്തുതന്നെ ഇടപെടേണ്ടിയിരുന്നു. പരാതികള്‍ അറിഞ്ഞാൽ കേസ് എടുക്കാനുള്ള വിവരങ്ങള്‍ സംഘടനതന്നെ മുൻകൈയെടുത്ത് പൊലീസിന് കൈമാറും. അറിയിക്കേണ്ട വിഷയങ്ങൾ പൊലീസിൽ അറിയിക്കും. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരിഗണിക്കാൻ ഫെഫ്ക കോര്‍ കമ്മിറ്റി വിപുലീകരിക്കും.

സിനിമയിലെ കേശാലങ്കാര വിദഗ്ധരെ പ്രത്യേക സംഘടനയാക്കുന്നത് പരിഗണിക്കും. ഫെഫ്ക ഹെയർസ്റ്റൈലിസ്റ്റ്, മേക്കപ് ആർട്ടിസ്റ്റ്​, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ സംഘടന രൂപവത്​കരിക്കും. ആരോപണം നേരിടുന്നവർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഡ് ചെയ്യും. സംഘടനക്കുകീഴിലെ എല്ലാ യൂനിയനുകളുമായി ചർച്ച നടത്തിയശേഷം ഫെഫ്കയുടെ വിശകലനം എട്ടിന് ഔദ്യോഗികമായി പറയും. ആഷിഖ് അബുവിന്‍റെ രാജി തമാശയാണ്. ആറ് വർഷം മുമ്പ് ഉന്നയിച്ച് പരിഹരിച്ച പ്രശ്നത്തിന്‍റെ പേരിലുള്ള രാജി ഇപ്പോഴത്തെ സന്ദർഭത്തിനനുസരിച്ച് ശ്രദ്ധ കിട്ടാനാണെന്നും ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി.

സിബി മലയിൽ അടക്കമുള്ള സംഘടനാ ഭാരവാഹികളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - All the names in the Hema Committee report should come out says B Unnikrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.