കോഴിക്കോട്: ഉറക്കമൊഴിപ്പിച്ച് യു.പി വിദ്യാർഥികളെ മത്സരത്തിൽ പ​ങ്കെടുപ്പിച്ചത് വിവാദമാകുന്നു. ചേവായൂർ ഉപജില്ല കലോത്സവത്തിലെ യു.പി. വിഭാഗം നാടോടി നൃത്തമത്സരമാണ്

നിർബന്ധത്തിനു വഴങ്ങി ഊണും ഉറക്കവുമില്ലാതെ കൊച്ചുകുട്ടികൾ​ക്ക് മത്സരിക്കേണ്ടി വന്നത്. കുട്ടികളോടുള്ള പീഡനത്തിനെതിരെ രക്ഷിതാക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുവന്നു.

ബുധനാഴ്ച വൈകീട്ടോടെ നടക്കേണ്ട മത്സരമാണ് അർധരാത്രി ഒരുമണിയോടെ ആരംഭിച്ചത്. വൈകീട്ട് മൂന്നു മുതൽ മേക്കപ്പിട്ട കുരുന്നു മത്സരാർഥികൾക്ക് പ്രാഥമിക കാര്യങ്ങൾക്കുപോലും പോകാൻ കഴിഞ്ഞില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ശൗചാലയത്തിൽ പോകേണ്ടിവരുമെന്ന ആശങ്കയുണ്ടാകുമെന്ന ഭീതിയിൽ ഭക്ഷണം കഴിക്കാൻപോലും കുട്ടികൾ കൂട്ടാക്കിയില്ലത്രെ. അർധരാ​ത്രിയിൽ മത്സരം നടത്താൻ പാടില്ലെന്ന കോടതി നിർദേശംപേലും കാറ്റിൽ പറത്തിയാണ് വിധികർത്താക്കൾ നിർബന്ധിച്ച് മത്സരത്തിൽ പ​ങ്കെടുപ്പിച്ച​തെന്നാണ് ആക്ഷേപം. സംഘാടകർ തയാറായാൽപോലും നിർത്തിവെക്കാൻ പറയേണ്ട വിധികർത്താക്കൾ കുട്ടികളോടുള്ള ക്രൂരതതടയാൻ തയാറായി​ല്ലെന്നാണ് ആക്ഷേപം.

കാക്കൂർ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അസമയത്തുള്ള മത്സരം നടന്നതെന്നും രക്ഷിതാക്കൾ പറയുന്നു. മത്സരശേഷം കുട്ടി ഛർദിക്കുകയും ചെയ്തു. ഇരുപതിൽപരം മത്സരാർഥികൾ ഉണ്ടായിരുന്നതിൽ പല കുട്ടികൾക്കും അസ്വാസ്ഥ്യവും അനുഭവപ്പെടുകയും ചെയ്തതായി രക്ഷിതാക്കൾ പറയുന്നു. വിധികർത്താക്കൾക്ക് വ്യാഴാഴ്ച മറ്റൊരു വിധിനിർണയത്തിന് പോകാനുള്ളതും സംഘാടകരെ കുഴക്കി. മുന്നു വിധികർത്താക്കളെക്കൂടി വെച്ചാൽ പണച്ചെലവു കൂടുമെന്നതിനാൽ വേദിയുണ്ടായിട്ടും അതിന് തയാറാകാത്തതാണ് കൂട്ടബാലാവകാശ ലംഘനത്തിന് ഇടവരുത്തിയത്. ഓട്ടൻതുള്ളൽ മത്സരത്തിന്റെ വിധികർത്താക്കൾ എത്താൻ വൈകിയതാണ് മത്സരം തുടക്കം മുതലേ വൈകാൻ കാരണം.

ഓട്ടൻതുള്ളൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി മത്സരത്തിന് ഓരോ മത്സരാർഥികൾ മാത്രമാണെന്ന വിശ്വാസത്തിൽ പ്രമോട്ടുചെയ്യാമെന്നു കരുതി വിധികർത്താക്കളെ നിയമിച്ചിരുന്നില്ല. തലേന്ന് വൈകീട്ടോടെയാണ് അപ്പീലിൽ രണ്ടു മത്സരാർഥികൾ കൂടി ഉണ്ടെന്നു മനസ്സിലായത്. തൃശൂർ സ്വദേശികളെ വിധികർത്താക്കളായി ക്ഷണിച്ചത്. പുലർച്ച നാലോടെ പുറപ്പെട്ടെങ്കിലും ചേളന്നൂരിലെ മത്സരവേദിയിലെത്തിയത് 11 മണിയോടെ. വൈകിത്തുടങ്ങിയ മത്സരത്തിനുശേഷം അതേ വേദിയിൽ 45 ഓളം മത്സരാർഥികൾ ഉള്ള എൽ.പി വിഭാഗം നാടോടി നൃത്തവും ഇരുപതോളം ടീമിന്റെ സംഘനൃത്തവും നടന്നു. യു.പി വിഭാഗം നാടോടി നൃത്തം വേദി ഒന്നിലേക്ക് മാറ്റി. ആ വേദിയിലെ സംഘനൃത്തം കഴിയാൻ രാത്രി പന്ത്രണ്ടര കഴിഞ്ഞു. ഭക്ഷണം കഴിച്ചെത്തിയ വിധികർത്താക്കളും ഉറക്കച്ചടവിൽ വിധിനിർണയം നടത്തേണ്ടി വന്നു.

Tags:    
News Summary - allegation against judges and organisers in chevayur sub district kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.