തിരുവനന്തപുരം: നടിമാരുടെ വെളിപ്പെടുത്തലുകൾ വെള്ളിത്തിരയുടെ അതിരുകൾ ഭേദിച്ചതോടെ അപ്രതീക്ഷിത രാഷ്ട്രീയ ട്വിസ്റ്റുകളിൽ കൈപൊള്ളി സർക്കാറും സി.പി.എമ്മും. സർക്കാറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് എം. മുകേഷ് എം.എൽ.എക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്നതും മുന്നണിക്കുള്ളിൽ അതൃപ്തി പരസ്യപ്പെട്ടതും പൊതുസമൂഹത്തിലുയരുന്ന ചോദ്യങ്ങളുമാണ് മുന്നണിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.
മുകേഷിനെ സംരക്ഷിക്കാനില്ലെന്നാണ് സി.പി.ഐ നിലപാട്. ഇതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ‘മുഖം നോക്കാതെ നടപടിയെടുക്കും’ എന്ന പരാമർശം ചൂണ്ടിക്കാട്ടി, അതാണ് തങ്ങളുടെ നിലപാടെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സിനിമ മേഖലയിലെ പ്രമുഖരെയാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെങ്കിലും പരാമർശം അടിവരയിട്ട് മുന്നണിയിലെ എം.എൽ.എയെയാണ് ഇതുവഴി സി.പി.ഐ പരസ്യമായി തള്ളിയത്. അദ്ദേഹം എം.എൽ.എയായി തുടരുന്നതിൽ സി.പി.ഐയുടെ നിലപാട് ആരാഞ്ഞപ്പോൾ ‘കൂടിയാലോചിക്കാതെ പറയാനാവില്ലെന്ന’ മറുപടിയിലൂടെ സംശയത്തിന്റെ ആനുകൂല്യം പോലും നൽകാനില്ലെന്നതും സി.പി.ഐ വ്യക്തമാക്കുന്നു. സി.പി.എം ഇതുവരെ പരസ്യപ്രതികരണത്തിന് മുതിർന്നിട്ടില്ല.
രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുണ്ടായ ആദ്യ ഘട്ടത്തിൽ സംരക്ഷണ നീക്കങ്ങളുണ്ടായത് സർക്കാറിനെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കിയതിനാൽ മുകേഷിന്റെ കാര്യത്തിൽ അത്തരം ഇടപെടലുകളൊന്നും നേതാക്കളിൽ നിന്നുമുണ്ടായിട്ടില്ല. മാത്രമല്ല കരുതലോടെയാണ് പലരും പ്രതികരിച്ചതും. ഒരുപടി കൂടി കടന്ന് ആർക്കെതിരെ ആരോപണം വന്നാലും വസ്തുനിഷ്ഠമായി പരിശോധിക്കണമെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു മന്ത്രി ആർ. ബിന്ദുവിന്റെ പരാമർശം. രഞ്ജിത്തിന്റേത് സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവാദം എന്ന് പറഞ്ഞൊഴിയാമെങ്കിലും മുകേഷിന്റേത് സി.പി.എമ്മിനെ സംബന്ധിച്ച് അത്തരം വഴുതി മാറലുകൾക്ക് സാധിക്കാത്ത വിധം രാഷ്ട്രീയബാധ്യതയുള്ളതാണ്. ആരോപണങ്ങളെ തുടർന്ന് രഞ്ജിത്ത് രാജിവെച്ചതും മുകേഷിന്റെ കാര്യത്തിൽ സമ്മർദമേറ്റും. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം യുവജന-വനിതാ സംഘടനകൾ ഇതിനോടകം പ്രത്യക്ഷ സമരവും ആരംഭിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ഉയർന്ന മെല്ലെപ്പോക്ക് ആക്ഷേപങ്ങളെ മറികടക്കാൻ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഘത്തിന് മുന്നിലേക്ക് മുകേഷിനെതിരെയുള്ള പരാതിയെത്തിയാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. വെളിപ്പെടുത്തലുകൾ മാധ്യമങ്ങൾ വഴിയായിട്ട് കൂടി രഞ്ജിത്തിനെ പാർട്ടി ഇടപെട്ട് രാജിവെപ്പിച്ച സാഹചര്യത്തിൽ വിശേഷിച്ചും. 2018 ൽ മുകേഷിനെതിരെ മീ ടൂ ആരോപണമുയർന്ന ഘട്ടത്തിൽ സി.പി.എം അദ്ദേഹത്തെ കൈവിട്ടിരുന്നില്ല.
എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ട് സൃഷ്ടിച്ച ചൂടേറിയ രാഷ്ട്രീയ കാലാവസ്ഥയിൽ സമാന നിലപാട് സി.പി.എമ്മിന് സ്വീകരിക്കാനാവാത്ത സ്ഥിതിയുമുണ്ട്. സിനിമ കോൺക്ലേവുമായി ബന്ധപ്പെട്ട നയരൂപവത്കരണ സമിതിയിൽ മൂന്നാം പേരുകാരനായി മുകേഷുണ്ട്. ആരോപണ വിധേയനെ ഈ കമ്മിറ്റിയിൽ തുടരാൻ അനുവദിക്കുമോ എന്നതും കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.