മലപ്പുറം: എം.എസ്.പിയിൽ കോവിഡ് കേസുകൾ വർധിച്ചിട്ടും ക്വാറൻറീനിലുള്ള പൊലീസുകാരെ ജോലിക്ക് നിർബന്ധിക്കുന്നതായി ആക്ഷേപം. എം.എസ്.പി. കമാന്‍ഡൻറടക്കം ക്യാമ്പിലെ 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരുമായി ബന്ധമുണ്ടായിരുന്ന പൊലീസുകാരെ ക്യാമ്പില്‍ തന്നെ ക്വാറൻറീനിലാക്കുകയായിരുന്നു. ഇതു ലംഘിച്ച് പൊലീസുകാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും ഹാജരായില്ലെങ്കില്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള നിര്‍ദേശമാണ് മേലധികാരികള്‍ ഇറക്കിയിട്ടുള്ളത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവർ ആരോഗ്യ വകുപ്പ് നിർദേശിച്ച കാലയളവ് ക്വാറൻറീൻ ഇരിക്കണമെന്ന നിർദേശം അവഗണിച്ചാണ് പൊലീസുകാരോട് ജോലിക്കെത്താൻ നിർബന്ധിക്കുന്നത്.
ഇനിയും കോവിഡ് പരിശോധന നടത്താനുള്ള പൊലീസുകാര്‍ ക്യാമ്പിലുണ്ട്. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഡി.ജി.പിയുെട ഉത്തരവും ബന്ധപ്പെട്ടവർ തന്നെ ലംഘിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.
പൊതുജനങ്ങളിൽ സമ്പർക്ക പട്ടികയിലുള്ളവർ വീടിനു പുറത്തിറങ്ങിയാൽ കേസെടുക്കുന്നവർ തന്നെ പൊലീസ് സേനയിൽ ഇക്കാര്യം പാലിക്കാതെ പോവുകയാണ്. വർഷങ്ങളോളം പഴക്കമുള്ള എം.എസ്.പി കെട്ടിടത്തിലെ ഒരു മുറിയിൽ 30ൽ കൂടുതൽ പൊലീസുകാർ കൂട്ടമായാണ് താമസിക്കുന്നത്.
400ൽ കൂടുതൽ പൊലീസുകാർ താമസിക്കുന്ന എം.എസ്.പിയിൽ ആരോഗ്യ ജാഗ്രത സർക്കാർ നിർദേശങ്ങൾ ലംഘിക്കുകയാണെങ്കിൽ രോഗവ്യാപനം കൂടുന്നതിന് കാരണമായി തീരും. മൊത്തം പൊലീസുകാർക്കായി എം.എസ്.പിയിൽ എട്ട് ടോയ്ലറ്റുകൾ മാത്രമാണുള്ളത്.
പൊതുജനങ്ങളിൽ കോവിഡ് പടരുന്നത് പ്രതിരോധിക്കാൻ അഹോരാത്രം ജോലി ചെയ്യുന്ന പൊലീസുകാർക്ക് സ്വന്തം ജീവൻ രക്ഷിക്കാൻ ആവശ്യമായ സുരക്ഷ സൗകര്യങ്ങൾ ഒരുക്കാത്തതിൽ പൊലീസുകാർക്ക് ഇടയിൽ അമർഷം പുകയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.