കെ.എം എബ്രഹാം
തിരുവനന്തപുരം: ആരോപണത്തിന് പഴക്കമുണ്ടെങ്കിലും അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലെ സുപ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ്. ധനവകുപ്പ് മുൻ അഡീ. ചീഫ് സെക്രട്ടറി മുൻ ചീഫ് സെക്രട്ടറിയും എന്നതിനപ്പുറം മുഖ്യമന്ത്രിയുടെ ഓഫിസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമാണ് നിലവിൽ കെ.എം. എബ്രഹാം. അതുകൊണ്ടുതന്നെ വിരമിച്ച ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണമെന്ന നിലയിലെ നിസ്സാരവത്കരണത്തിനപ്പുറം ഭരണസംവിധാനത്തിന്റെ ഭാഗമായ സുപ്രധാന ചുമതല വഹിക്കുന്ന, കാബിനറ്റ് റാങ്കുള്ള ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്ന നിലയിലാണ് ഗൗരവമേറുന്നത്. കോടതി അന്വേഷണത്തിന് അനുമതി നൽകിയ സാഹചര്യത്തിൽ എബ്രഹാമിന്റെ കാര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കണ്ടറിയണം.
പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപണമുന്നയിച്ച് ആദ്യം പരാതി നൽകിയത് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കാണ്. സിവിൽ സർവിസ് ഉദ്യോസ്ഥനായ കെ.എം. എബ്രഹാം സ്വത്തുവിവരങ്ങൾ ചട്ടപ്രകാരം സർക്കാറിന് നൽകിയിട്ടില്ലെന്നായിരുന്നു പരാതി. മുഖ്യമന്ത്രി പരാതി അന്നത്തെ ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറി വിശദീകരണമാരാഞ്ഞപ്പോൾ തന്റെ കുടുംബത്തിന് ദൈനംദിന ആവശ്യങ്ങൾക്കുള്ള പണമല്ലാതെ, മറ്റ് സമ്പത്തുകളില്ലെന്നായിരുന്നു മറുപടി. പിന്നാലെ, ജോമോൻ വിവരാവകാശ നിയമപ്രകാരം കുടുംബാംഗങ്ങളുടെ പേരുള്ള സ്വത്തുവിവരങ്ങൾ സമാഹരിക്കുകയും വിജിലൻസ് കോടതിയെ സമീപിക്കുകയും ചെയ്തു. ത്വരിതാന്വേഷണം നടത്താനായിരുന്നു വിജിലൻസ് കോടതിയുടെ നിർദേശം. ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ട്. കേസിൽ എഫ്.ഐ.ആർ ഇടേണ്ടതില്ലെന്ന നിലപാടിലേക്ക് വിജിലൻസ് കോടതിയുമെത്തി.
പിന്നാലെ, ഇടതുസർക്കാറിന്റെ കാലത്താണ് ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിനെ കിഫ്ബി സി.ഇ.ഒയും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായെല്ലാം നിയമിക്കുന്നത്. പിന്നാലെ, കാബിനറ്റ് റാങ്കും സർക്കാർ നൽകി. കിഫ്ബി സി.ഇ.ഒയായ കെ.എം. എബ്രഹാമിന്റെ പ്രതിമാസമാസ ശമ്പളം 387750 രൂപയാണ്. 2019 ന് ശേഷം നാളിതുവരെ അഞ്ച് വട്ടം ശമ്പളം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.