തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവത്കരണ പദ്ധതിയിൽ ക്രമക്കേടെന്ന് ആക്ഷേപം. ഇഷ്ടക്കാർക്ക് കരാർ നൽകാൻ ലക്ഷ്യമിട്ടുള്ള ടെൻഡർ മാനദണ്ഡങ്ങളിലൂടെ കള്ളക്കളി നടത്തിയെന്നാണ് ആക്ഷേപം. പദ്ധതി നടപ്പാക്കാൻ 5.79 കോടി രൂപക്കാണ് കൾചറൽ ഷോപ്പി എന്ന കൺസോർട്യത്തിന് കരാർ നൽകിയത്. നഗരങ്ങളിലെ ചെറിയ മേഖലകളിൽ കുറഞ്ഞകാലം കൊണ്ട് വനം െവച്ചുപിടിപ്പിക്കുന്ന ജാപ്പനീസ് മാതൃകയാണ് മിയാവാക്കി.
നവംബർ അഞ്ചിനാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. 12 ജില്ലകളിലെ 22 ടൂറിസം കേന്ദ്രങ്ങളിൽ നടപ്പാക്കുന്ന പദ്ധതിക്കാണ് കൾചറൽ ഷോപ്പി, നേച്ചർ ഗ്രീൻ ഗാർഡിയൻ, ഇൻവിസ് മൾട്ടിമീഡിയ എന്നീ കമ്പനികളുടെ കൺസോർട്യത്തിന് കരാർ നൽകിയത്.
നടത്തിപ്പുകാരെ കണ്ടെത്തിയതിന് പിന്നിൽ പല കളികളും നടന്നതായാണ് ആക്ഷേപം. 2019 ജനുവരിയിൽ തിരുവനന്തപുരം കനകക്കുന്നിൽ സർക്കാർ സ്ഥലത്ത് കൾചറൽ ഷോപ്പിക്ക് ടൂറിസം വകുപ്പ് മിയാവാക്കി സ്ഥാപിക്കാൻ അനുമതി നൽകി. കാര്യമായ മുൻപരിചയം ഇല്ലാത്ത ഏജൻസിക്ക് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു അനുമതി. ഇതിന് ശേഷം ആഗസ്റ്റിൽ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കാൻ ടെൻഡർ വിളിച്ചു.
ടെൻഡറിലെ വ്യവസ്ഥതന്നെ ഇൗ കമ്പനിയെ സഹായിക്കുന്ന വിധത്തിലായിരുന്നു എന്നാണ് ആക്ഷേപം. കേരളത്തിൽ മിയാവാക്കി പദ്ധതി നടത്തിയതു മാത്രമല്ല, സംസ്ഥാന സർക്കാറുമായി ചേർന്ന് മുമ്പ് ഏതെങ്കിലും പദ്ധതി നടപ്പാക്കിയവരും ആകണമെന്നായിരുന്നു വ്യവസ്ഥ. സർക്കാർ െചലവിൽ അനുഭവപരിചയം നേടിയ കൾചറൽ ഷോപ്പിക്ക് തന്നെ കരാർ കിട്ടാനുള്ള ഗൂഢശ്രമമായിരുന്നത്രെ ഇതിന് പിന്നിൽ.
ഒരു സെൻറിന് മൂന്നുലക്ഷം രൂപയാണ് മിയാവാക്കി വനത്തിനായി കൾചറൽ ഷോപ്പിക്ക് നൽകുന്നത്. കേരളത്തിന് പുറത്തുള്ള പല കമ്പനികളും ഇതിെനക്കാൾ കുറഞ്ഞ െചലവിൽ മിയാവാക്കി െവച്ചുപിടിപ്പിക്കാൻ തയാറായിരുന്നു. എന്നാൽ, ക്രമക്കേട് നടന്നിട്ടില്ലെന്നും ദേശീയ ടെൻഡർ വിളിച്ചാണ് കരാർ നൽകിയതെന്നുമാണ് ടൂറിസം അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.