കൊണ്ടോട്ടി: മക്കയിലും മദീനയിലും ആവശ്യമായ സേവനം ചെയ്യാനുള്ള സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആക്ഷേപം. പരീക്ഷയും ഇന്റര്‍വ്യൂവും പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റ് പരസ്യപ്പെടുത്താതെ ചിലരെ മാത്രം തിരഞ്ഞെടുത്തെന്ന് ഫോണിലും മറ്റും അറിയിച്ച് തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ നടക്കുന്ന പരിശീലനത്തിന് ഹാജരാകാന്‍ നിർദേശം നല്‍കുകയായിരുന്നെന്നാണ് അപേക്ഷകരുടെ പരാതി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഏതാനും അപേക്ഷകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയത്തിനും പരാതി നല്കി.ഹജ്ജുമായി ബന്ധപ്പെട്ട നിശ്ചിത യോഗ്യതകളുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ എന്നപേരില്‍ സേവനം ചെയ്യാന്‍ അവസരം.
അപേക്ഷ ക്ഷണിക്കുകയും ഫെബ്രുവരി ഒമ്പത്, 16 തീയതികളിലായി കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷ നടത്തി പ്രാഥമിക പട്ടിക തയാറാക്കുകയും പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ മാര്‍ച്ച് ഒമ്പത്, 10, 11 തീയതികളിൽ സംസ്ഥാന ഹജ്ജ് ഹൗസില്‍ ഇന്റര്‍വ്യൂ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്‍സ്പെക്ടര്‍മാരായി തിരഞ്ഞെടുത്തവരെ മാത്രം നേരിട്ടറിയിച്ച് രണ്ട് ദിവസങ്ങളിലായി മുംബൈയിലെ കേന്ദ്ര ഹജ്ജ് ഹൗസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ നിർദേശം നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയോ മാര്‍ക്കോ പ്രസിദ്ധപ്പെടുത്താതെയുള്ള നടപടി സുതാര്യമല്ലെന്നാണ് ആരോപണം.
150 മാര്‍ക്കിനായിരുന്നു പരീക്ഷ. ഇന്റര്‍വ്യൂവിന് പരമാവധി 50 മാര്‍ക്കാണ് ലഭിക്കുക. പട്ടിക പരസ്യപ്പെടുത്താതെയുള്ള നിയമനം സ്വജനപക്ഷപാതിത്വത്തിന് അവസരമൊരുക്കുന്നതാണെന്നും അപേക്ഷകര്‍ ആരോപിക്കുന്നു. ഹജ്ജ് ക്യാമ്പ് വളന്റിയര്‍ തെരഞ്ഞെടുപ്പും സുതാര്യമല്ലെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു.
പട്ടിക തയാറാക്കിയത് നടപടിക്രമം പാലിച്ച്- സംസ്ഥാന ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: ഹജ്ജ് ഇന്‍സ്പെക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ചട്ടങ്ങളും പൂര്‍ണമായും പാലിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. പരീക്ഷക്കും ഇന്റര്‍വ്യൂവിനും ശേഷമുള്ള മുന്‍ഗണന പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കുകയാണ് സംസ്ഥാന കമ്മിറ്റി ചെയ്തത്. പട്ടിക അന്തിമമായി അംഗീകരിച്ചത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണെന്നും അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍. കെ. കക്കൂത്ത് അറിയിച്ചു.
നേരത്തെ ഖാദിമുല്‍ ഹുജ്ജാജ് എന്ന പേരിലുണ്ടായിരുന്ന നിലവിലെ സംസ്ഥാന ഹജ്ജ് ഇന്‍സ്പെക്ടര്‍ വളന്റിയര്‍ വിഭാഗത്തില്‍ 103 പേരെയാണ് സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുത്തത്. കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്കും ചേര്‍ത്താണ് മുന്‍ഗണന പട്ടിക തയാറാക്കിയത്. മുഴുവന്‍ സംസ്ഥാനങ്ങളിലെയും കമ്പ്യൂട്ടര്‍ ബേസ്ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ പരീക്ഷയെഴുതിക്കഴിഞ്ഞയുടന്തന്നെ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ സാങ്കേതിക സംവിധാനമാണ് നടപ്പാക്കിയിരുന്നതെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.