കൊച്ചി: നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ്, ജയസൂര്യ അടക്കമുള്ള നടൻമാർക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനം മാറ്റുകയാണെന്നും പരാതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നടി ഇപ്പോൾ വ്യക്തമാക്കിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്.ഐ.ടി നടപടികളുമായി സഹകരിക്കുമെന്നും നടി കൂട്ടിച്ചേർത്തു.
നടന്മാരായ എം മുകേഷ് എം.എൽ.എ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പരാതി പിൻവലിക്കുകയാണെന്ന നടപടിയുടെ പ്രഖ്യാപനമുണ്ടായത്. നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാരും മാധ്യമങ്ങളും ഒപ്പം നിന്നില്ലെന്നും അതിനാൽ മനം മടുത്ത് പരാതി പിൻവലിക്കുകയാണെന്നാണ് അന്ന് നടി പറഞ്ഞത്.
പരാതിയിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച് എസ്.ഐ.ടിക്ക് കത്ത് നൽകുമെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. തന്നെ കേൾക്കാൻ പോലും അന്വേഷണ സംഘം തയ്യാറല്ല. വിളിച്ചാൽ ഫോണെടുക്കില്ല. പരാതിക്കാരിക്ക് നൽകേണ്ട പരിഗണന ലഭിക്കുന്നില്ല. സാമൂഹ്യമാധ്യമങ്ങളിൽ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസിൽ പൊലീസ് നേർവഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ നടി വ്യക്തമാക്കിയിരുന്നത്. എന്നാൽ പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.