കണ്ണൂർ: ബി.ജെ.പി ജില്ല ആസ്ഥാനമായ മാരാർജി ഭവൻ ഉദ്ഘാടനത്തിനായി ദേശീയ അധ്യക്ഷൻ അമിത്ഷാ കണ്ണുരിൽ വിമാനമിറങ്ങി. ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വി.വി.ഐ.പി യാത്രക്കാരനായി ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ പ്രത്യേകം വിമാനമിറങ്ങിയത്.
അമിത്ഷായെ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, നളിൻ കുമാർ കട്ടിൽ എം.പി., എസ്. രാജ, സി.കെ പത്മനാഭൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഡിസംബർ ഒമ്പതിന് നിശ്ചയിച്ച വിമാനത്താവള ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നിരിക്കെ ബി.ജെ.പി അധ്യക്ഷനെ ആദ്യ യാത്രക്കാരനായി വിമാനമിറക്കുകയെന്ന ജില്ലാ നേതൃത്വത്തിന്‍റെ വാശിയാണ് ശനിയാഴ്ച യാഥാർഥ്യമാക്കിയത്.
കണ്ണൂർ താളിക്കാവിൽ രണ്ടര കോടി ചിലവിലാണ് ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർജി ഭവൻ പണികഴിപ്പിച്ചത്. വെള്ളിയാഴ്ച കണ്ണൂരിൽ യോഗം ചേർന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി ചേർന്ന് അമിത്ഷായുടെ മുന്നിൽ സമർപ്പിക്കാൻ ശബരിമല വിഷയത്തിൽ പുതിയ സമരപാക്കേജ് തയാറാക്കിയിട്ടുണ്ട്. കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്താനാണ് തീരുമാനം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കുമ്മനം രാജശേഖരൻ നയിച്ച ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ’ ജനരക്ഷാ മാര്‍ച്ച് പയ്യന്നൂരിൽ അമിത്ഷാ ഉദ്ഘാനം ചെയ്തിരുന്നു. മൂന്ന് ദിവസവും അമിത്ഷാ ജാഥയിലുണ്ടാവുമെന്ന് പറഞ്ഞുവെങ്കിലും ജനപങ്കാളിത്തം കുറഞ്ഞതിനാൽ ക്ഷുഭിതനായി തിരിച്ചു പോവുകയായിരുന്നു. എന്നാൽ അടിയന്തരമായി ഡൽഹിയിലേക്ക് മടങ്ങിയതാണെന്നും മൂന്നാം ദിവസം പിണറായിയിലേക്കുള്ള യാത്രയിൽ എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അമിത്ഷാ വന്നില്ല.
കഴിഞ്ഞ തവണ അമിത്ഷാ സന്ദർശിക്കാതെ മടങ്ങിയ പിണറായിയിലെ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ രമിത്തിെൻറയും ഉത്തമെൻറയും വീട് അദ്ദേഹം സന്ദർശിക്കുന്നുണ്ട്. ഉത്തമനും മകൻ രമിത്തും രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് കൊല്ലപ്പെട്ടത്. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് ശേഷം വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഷാ, വൈകീട്ട് വര്‍ക്കല ശിവഗിരി മഠത്തിലെ നവതി മഹാഗുരുപൂജ പരിപാടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.