തിരുവനന്തപുരം: ഇടതുതരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിലെ വൻ വീഴ്ചകളിൽ മന്ത്രിയും മുൻമന്ത്രിയും ഉൾപ്പെടെ പ്രമുഖർ ഏറെ. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച് നേമത്ത് കുമ്മനം രാജശേഖരനെ തോൽപിച്ച വി. ശിവൻകുട്ടിയുടെ വിജയവും ശ്രദ്ധേയം. കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയെ തോൽപിച്ച് പി.സി. വിഷ്ണുനാഥ് നേടിയതും അട്ടിമറി വിജയം. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറിയ കേരള കോൺഗ്രസ് (മാണി) ചെയർമാൻ ജോസ് കെ. മാണി പാലായിൽ മാണി സി. കാപ്പനോട് നേരിട്ട തോൽവി മുന്നണിയുടെ ജയത്തിനിടയിലും തിരിച്ചടിയായി.
തിരുവനന്തപുരം മണ്ഡലത്തിൽ മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ വി.എസ്. ശിവകുമാറിെന തോൽപിച്ച് ആൻറണി രാജു ജയിച്ചുകയറിയത് യു.ഡി.എഫ് ക്യാമ്പിനെ ഒന്നടങ്കം ഞെട്ടിച്ചു. യു.ഡി.എഫ് വിജയം ഉറപ്പെന്ന് കരുതിയ ചവറയിൽ മുൻമന്ത്രി ഷിബു ബേബിജോണിന് സുജിത്ത് വിജയനിൽ നിന്നേറ്റ തിരിച്ചടിയും അപ്രതീക്ഷിതമായിരുന്നു. ജി. കാർത്തികേയെൻറ തട്ടകമായ അരുവിക്കരയിൽ മകനും സിറ്റിങ് എം.എൽ.എയുമായ കെ.എസ്. ശബരീനാഥൻ തോറ്റതും അപ്രതീക്ഷിതം. സി.പി.എം അഭിമാന പോരാട്ടത്തിനിറങ്ങിയ തൃത്താലയിൽ സിറ്റിങ് എം.എൽ.എ വി.ടി. ബൽറാമിനെ തോൽപിച്ച് എം.ബി. രാജേഷും അഴീക്കോട് കെ.എം. ഷാജിയെ മലർത്തിയടിച്ച് കെ.വി. സുമേഷും നേടിയ വിജയങ്ങൾ പാർട്ടി അണികൾ ആഘോഷിക്കുന്നത് കൂടുതലും സൈബറിടങ്ങളിലാണ്. വടകരയിൽ എൽ.ജെ.ഡിയിലെ മനയത്ത് ചന്ദ്രനെ തോൽപിച്ച് കെ.കെ. രമ നേടിയ വിജയം യു.ഡി.എഫിന് ആശ്വാസം പകരുന്നു.
വി.കെ. ഇബ്രാഹിംകുഞ്ഞിെൻറ തട്ടകമായ കളമശ്ശേരിയിൽ മകൻ വി.ഇ. അബ്ദുൽ ഗഫൂറിനെ േതാൽപിച്ച് പി. രാജീവ് നേടിയ വിജയം മലബാറിന് പുറത്ത് മുസ്ലിംലീഗിനുള്ള വിലാസമില്ലാതാക്കി. പൂഞ്ഞാറിൽ പി.സി. ജോർജിനെ വൻ മാർജിനിൽ മറികടന്ന് കേരള കോൺഗ്രസ് (എം) സെബാസ്റ്റ്യൻ കുളത്തുങ്കൽ നേടിയ വിജയവും 15ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലെ അട്ടിമറികളിലൊന്നാണ്. എം. സ്വരാജിെന തോൽപിച്ച് തൃപ്പൂണിത്തുറയിൽ കെ. ബാബുവിെൻറ തിരിച്ചുവരവും തെരഞ്ഞെടുപ്പിലെ ശ്രേദ്ധയ പോരാട്ടമായിരുന്നു. ട്വൻറി ട്വൻറി ഭീഷണി ഉയർത്തിയ കുന്നത്തുനാട്ടിൽ കോൺഗ്രസിലെ സിറ്റിങ് എം.എൽ.എ വി.പി. സജീന്ദ്രനെ കടുത്ത പോരിനൊടുവിൽ എൽ.ഡി.എഫിലെ പി.വി. ശ്രീനിജൻ മറികടന്നതും അപ്രതീക്ഷിതമായിരുന്നു.
ലീഗിെൻറ സിറ്റിങ് സീറ്റായ കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയെ തോൽപിച്ച് കെ.പി. കുഞ്ഞമ്മദ് കുട്ടി നേടിയ വിജയത്തിലും ഇടതുമുന്നണിക്ക് മധുരമേറെ. കൽപറ്റ എം.വി. ശ്രേയാംസ്കുമാറിനെ തോൽപിച്ച് കോൺഗ്രസിലെ ടി. സിദ്ദീഖ് നേടിയത് എൽ.ജെ.ഡിക്ക് ഷോക്കായി. ഉപതെരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചെടുത്ത അരൂരിൽ ഷാനിമോൾ ഉസ്മാനെ തോൽപിച്ച് ദലീമ ജോജാ മണ്ഡലം എൽ.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചു. കോഴിക്കോട് സൗത്തിൽ ലീഗിെൻറ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് െഎ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ വിജയിച്ചത്.
കടുത്ത മത്സരം നടന്ന കണ്ണൂർ മണ്ഡലത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിജയം ആവർത്തിച്ചു. പേരാവൂരിൽ സണ്ണി ജോസഫും നാദാപുരത്ത് ഇ.കെ. വിജയനും കൊടുവള്ളിയിൽ എം.കെ. മുനീറും പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരവും തിരുവമ്പാടിയിൽ ലിേൻറാ ജോസഫും താനൂരിൽ വി. അബ്ദുറഹിമാനും തവനൂരിൽ കെ.ടി. ജലീലും പാലക്കാട് ഷാഫി പറമ്പിലും തൃശൂരിൽ പി. ബാലചന്ദ്രനും ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫും കായംകുളത്ത് യു. പ്രതിഭയും റാന്നിയിൽ പ്രമോദ് നാരായണനും കോന്നിയിൽ കെ.യു. ജനീഷ് കുമാറും അടൂരിൽ ചിറ്റയം ഗോപകുമാറും കൊല്ലത്ത് എം. മുകേഷും ജയിച്ചുകയറിയത് കടുത്ത മത്സരത്തിനൊടുവിലായിരുന്നു. ബലാബലം നിന്ന മണ്ഡലങ്ങളിൽ ഭൂരിഭാഗം എണ്ണത്തിലും എൽ.ഡി.എഫ് വിജയിച്ചുകയറുന്ന കാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.