കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുവന്ന വയോധികനിൽ ജീവന്റെ തുടിപ്പ്. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനിലാണ് (67) ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന് മോർച്ചറിയിലെ അറ്റൻഡർ തിരിച്ചറിഞ്ഞത്.
മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം മൂർഛിച്ചതിനെ തുടർന്ന് ദിവസങ്ങളോളമായി വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന പവിത്രന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടതോടെ കുടുംബം വെന്റിലേറ്ററിൽ നിന്ന് നീക്കംചെയ്യാൻ തീരുമാനിച്ചു. മരണം ഉറപ്പുവരുത്തി ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം.
തുടർന്ന് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രൻ കയ്യിൽ പിടിച്ചെന്നാണ് അറ്റൻഡർ പറയുന്നത്. ഉടൻ തന്നെ അറ്റൻഡർ ഡോക്‌ടർമാരെ വിവരമറിയിച്ചു. ഉടൻ എ.കെ.ജി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് പവിത്രനെ മാറ്റി. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എ.കെ.ജി ആശുപത്രി അധികൃതർ പ്രതികരിച്ചു. പവിത്രൻ മരിച്ചെന്ന വാർത്ത ദിനപത്രങ്ങളിലും വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.