മലപ്പുറം: ‘യാത്രക്കാർക്ക് നോമ്പ് തുറക്കാൻ സൗകര്യമുണ്ട്’ -കോഴിക്കോട്-എടത്തനാട്ടുകര റൂട്ടിൽ സർവിസ് നടത്തുന്ന ഇൻഷാസ് ബസിന് മുമ്പിൽ ഇങ്ങനെയൊരു ബോർഡ് കാണാം. ഒമ്പത് വർഷമായി ബസിലെ യാത്രക്കാർക്ക് നോമ്പ് തുറക്കാൻ സൗകര്യമൊരുക്കുകയാണ് ഇൻഷാസ് ബസിന്റെ ഉടമയും എടത്തനാട്ടുകര സ്വദേശിയുമായ പാറോക്കോട്ടിൽ ഫിറോസ് അലി.
റമദാനിൽ വിദ്യാർഥികളും ജോലി കഴിഞ്ഞുപോകുന്നവരും യാത്രയിൽ നോമ്പ് തുറക്കാൻ പ്രയാസപ്പെടാറുണ്ട്. യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കിയാണ് ഫിറോസ് അലി ബസിൽ ഇഫ്താർ കിറ്റ് നൽകാൻ തുടങ്ങിയത്. ജീവനക്കാരും പിന്തുണ നൽകിയതോടെ വൻവിജയമായി. നോമ്പ് തുറക്കാൻ ആവശ്യമായ ഈത്തപ്പഴത്തിനും വെള്ളത്തിനും പുറമേ മുന്തിരിയും തണ്ണിമത്തനുമുൾപ്പെടെ പഴങ്ങളും സമൂസയും വടയും ഉണ്ടാകും.
5.40 ന് കോഴിക്കോട്ടുനിന്ന് എടുക്കുന്ന ബസ് കൊണ്ടോട്ടി ഭാഗത്ത് എത്തുമ്പോഴാണ് മഗ്രിബ് ബാങ്കിന്റെ സമയമാവുക. ബാങ്ക് വിളിച്ചാൽ ഇഫ്താർ കിറ്റുകൾ ഓരോന്നും ജീവനക്കാർ യാത്രക്കാർക്ക് നൽകും. യാത്രക്കാരും ജീവനാക്കരും ഒരുമിച്ചാണ് നോമ്പ് തുറക്കുന്നത്. ഒരു ദിവസത്തെ ഇഫ്താറിന് 60 ഓളം കിറ്റുകൾ വേണം.
ഉച്ച വിശ്രമത്തിനായി വണ്ടി മേലാറ്റൂരിൽ നിർത്തുമ്പോൾ ജീവനക്കാർ തന്നെയാണ് ഇവ പാക്ക് ചെയ്യുന്നത്. വിദേശത്തുള്ള ഫിറോസ് അലിയുടെ നിർദേശമനുസരിച്ച് യാത്രക്കാർക്ക് വേണ്ടതെല്ലാം ഒരുക്കിനൽകുകയാണ് ജീവനക്കാരായ ഷറഫുദ്ദീൻ, അനസ്, ഉസ്മാൻ, ഷൗക്കത്ത് എന്നിവർ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായും ബസ് നിരവധി തവണ സർവിസ് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.