കൽപറ്റ: 2019ലെ പ്രളയകാലത്താണ് കോഴിക്കോട് മാവൂരിലെ കായലം കോയഞ്ചേരി ചേക്കുവിന്റെ മരണം. അന്ന് കഴുത്തറ്റം വെള്ളത്തിലാണ് ബന്ധുക്കൾ മൃതദേഹം കായലം ജുമാ മസ്ജിദിൽ എത്തിച്ചത്. ഇന്നിപ്പോൾ മറ്റൊരു ദുരന്തകാലത്ത് ചേക്കുവിന്റെ മകൻ അനസ് വയനാട്ടിലെ ഉരുൾപൊട്ടൽ ഇരകൾക്ക് തണലേകിയ കഥ തീർത്തും വ്യത്യസ്തമാണ്.
സ്വന്തമായി അനങ്ങാൻപോലുമാകാതെ ശരീരമാകെ തളർന്ന് കിടപ്പിലായ ഈ 42കാരൻ തന്റെ ചക്രക്കസേരകളിലൊന്നാണ് വയനാട്ടിലേക്കയച്ചത്. നാലാംക്ലാസ് വരെ ഓടിച്ചാടി നടന്ന അനസ് പൊടുന്നനെ ശരീരം തളർന്ന് കിടപ്പാകുകയായിരുന്നു. നിലവിലുള്ള പഴയ ചക്രക്കസേര കേടായാൽ ഉപയോഗിക്കാമെന്ന് കരുതി മാറ്റിവെച്ചിരുന്ന എല്ലാവിധ സൗകര്യവുമുള്ള പുത്തൻ വീൽചെയറാണ് അങ്ങനെ ചുരംകയറിയത്.
അനസിന്റെ ഇളയ പെങ്ങളായ 38കാരി ആരിഫക്കും ഇതേ അവസ്ഥയാണ്. വയനാട്ടിലെ ക്യാമ്പിൽ കഴിയുന്ന ഉരുൾപൊട്ടൽ ഇരകൾക്കായി അഞ്ച് ചക്രക്കസേരകൾ ആവശ്യമാണെന്ന വിവരം വയനാട് ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് വാട്സ്ആപ് ഗ്രൂപ്പിൽ ഇടുന്നതോടെയാണ് കഥയുടെ തുടക്കം. ഗ്രൂപ്പിൽ അംഗമായിരുന്ന അനസിന്റെ ഉപ്പയുടെ അനുജന്റെ മകനായ തക്കു അബ്ബാസ് എന്ന അബ്ബാസ് ഇക്കാര്യം അറിഞ്ഞു.
അഞ്ചു കസേരകളും താൻ എത്തിക്കാമെന്ന് അധികൃതരെ അറിയിച്ച അബ്ബാസ് അവ സംഘടിപ്പിക്കാനായി ഒരുക്കം നടത്തുന്നതിനിടെയാണ് അനസിന്റെ വിളി വരുന്നത്. തന്റെ ചക്രക്കസേര ദുരിതബാധിതർക്കായി വയനാട്ടിലേക്ക് അയക്കണമെന്നായിരുന്നു അനസിന്റെ ആവശ്യം. അങ്ങനെയാണ് ഇതടക്കം അഞ്ചു ചക്രക്കസേരകളും കഴിഞ്ഞ ദിവസം വയനാട് കലക്ടറേറ്റിൽ ലോറിയിൽ എത്തിച്ചത്.
ഭിന്നശേഷിക്കാരനായ അനസിന്റെ കസേരകൂടി ഇതിൽ ഉണ്ടെന്നറിഞ്ഞ അധികൃതർ അത് തിരിച്ചയക്കാൻ ആവതും നോക്കി. എന്നാൽ ‘അയച്ച സാധനം തിരിച്ചെടുക്കുന്നതല്ല’ എന്ന അൽപം ഗൗരവം നിറഞ്ഞ മറുപടിയാണ് ഫോണിന്റെ മറുതലക്കലുണ്ടായിരുന്ന അനസിൽനിന്ന് കിട്ടിയത്. മാവൂർ ഗ്വാളിയോർ റയോൺസിനടുത്താണ് വിരുപ്പിൽ അനസിന്റെ വീട്. പരസഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലുമാകാത്ത അനസും ആരിഫയും മാതാവ് ആയിഷയുടെ പരിചരണത്തിലാണ് കഴിയുന്നത്.
അനസിന്റെ ഉപ്പയുടെ ജ്യേഷ്ഠന്റെ മകനാണ് മാർബ്ൾ -ടൈൽസ് വ്യാപാരിയായ അബ്ബാസ്. കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് ഒരു ലോറി മുഴുവൻ സഹായവസ്തുക്കൾ അബ്ബാസിന്റെയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.