ഇരിങ്ങാലക്കുട: തെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിക്കാതെ പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലക്കേസില്‍ പുതിയ പ്രതീക്ഷ. ആനീസിെൻറ വളകള്‍ മുറിക്കാന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കട്ടര്‍ സമീപത്തെ ആളൊഴിഞ്ഞ വീടിനകത്തുനിന്ന് കണ്ടെത്തി. ആനീസിെൻറ വീടിനു 50 മീറ്റര്‍ മാറിയുള്ള വീട്ടിൽനിന്നാണ് കട്ടര്‍ കണ്ടെത്തിയത്. കട്ടറില്‍ രക്തക്കറ ഉണങ്ങിപ്പിടിച്ച നിലയിലാണ്. ഈ വീട്ടില്‍ ആരും താമസമുണ്ടായിരുന്നില്ല. ആനീസ് കൊല്ലപ്പെടുന്ന സമയത്തും ഈ വീട് ആൾത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെരുന്നാള്‍ പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് കട്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി കട്ടര്‍ ഏറ്റുവാങ്ങി.
2019 നവംബര്‍ 14നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ അറവുശാലക്ക് സമീപം പരേതനായ കൂനന്‍ പോള്സെൻറ ഭാര്യ ആനീസിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി സുദര്ശന്, ഡിവൈ.എസ്.പി എം. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
മോഷണത്തിന് വേണ്ടിയാണ് ആനീസിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കാനാകാതെ കുഴങ്ങുകയാണ് അന്വേഷണസംഘം. വീട്ടിലുണ്ടായിരുന്ന സ്വര്‍ണമോ പണമോ നഷ്ടപ്പെട്ടിരുന്നില്ലെന്നതും ആനീസ് അണിഞ്ഞിരുന്ന വളകള്‍ മാത്രമാണ് നഷ്ടമായതെന്നതും അന്വേഷണ ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തുന്നു.
വളരെ എളുപ്പത്തില്‍ എടുത്തുകൊണ്ടുപോകാമായിരുന്ന സ്വര്‍ണവും പണവും തൊട്ടുനോക്കാതെ വളകള്‍ മാത്രം കവര്‍ന്ന ആ കുറ്റകൃത്യത്തിന് പിന്നിലെ രഹസ്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.