കോഴിക്കോട്: ‘‘വീടിന് ഞാൻ വന്നിട്ട് പെയിന്റടിച്ചോളാം. സാധനങ്ങളെല്ലാം വന്നിട്ട് വാങ്ങാം’’ -കാണാതായതിന്റെ തലേദിവസം രാത്രി അർജുൻ പിതാവിനെ വിളിച്ച് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ‘‘അവന്റെ ഇളയ സഹോദരിയുടെ വിവാഹ നിശ്ചയം സെപ്റ്റംബറിലേക്ക് നിശ്ചയിച്ചിരുന്നു. അച്ഛൻ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടേണ്ടെന്നാണ് അവസാനമായി പറഞ്ഞത്. അവൻ ഉണ്ടെങ്കിൽ ഒന്നിനും എനിക്കു പ്രയാസമില്ലായിരുന്നു’’ -കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ പിതാവ് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമന്റെ വാക്കുകളിൽ സങ്കടപ്പെയ്ത്താണ്.
സഹായത്തിന് ക്ലീനറെ വെക്കാൻ അർജുന് ഇഷ്ടമല്ല. ഒരുരൂപപോലും അനാവശ്യമായി കളയില്ല. ഭക്ഷണം സ്വയം പാകം ചെയ്ത് കഴിക്കും. റേഷനരിയുൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുപോവുകയായിരുന്നുവെന്നും പിതാവ് ഓർക്കുന്നു. ‘‘അവൻ ആളായതിനുശേഷമാണ് ഞങ്ങൾ പുതിയ വീട് വെച്ചത്. ലോൺ മുടങ്ങാതെ അടക്കുന്നുണ്ട്. ഞങ്ങൾക്ക് നഷ്ടമായ സ്ഥലം അവൻ തന്നെ വിലകൊടുത്ത് വാങ്ങിയത് ഏറെ അഭിമാനമായായിരുന്നു. അവന് ഇഷ്ടപ്പെട്ട പെൺകുട്ടിയെയാണ് ഭാര്യയായി തിരഞ്ഞെടുത്തത്. ഞങ്ങളെല്ലാം അതിന് സമ്മതം കൊടുക്കുകയായിരുന്നു. അവൻ വരുമ്പോൾ ഒരുപാട് സാധനങ്ങൾ കൊണ്ടുവരും. വീട്ടിലെ എല്ലാവർക്കും ഭക്ഷണമുണ്ടാക്കി കൊടുക്കുക അവന്റെ സന്തോഷമായിരുന്നു. അമ്മ ഷീലയെ വിളിച്ച് വീട്ടിലേക്കുള്ള സാധനങ്ങളുടെയെല്ലാം ലിസ്റ്റ് എഴുതിവെക്കാനും വന്നിട്ട് വാങ്ങാമെന്നും പറഞ്ഞാണ് അവസാനം ഫോൺവിളിച്ചത്’’ -പ്രേമൻ പറഞ്ഞു.
കിണർ ജേലിക്കിടെ വീണു പരിക്കേറ്റതിനാൽ ജോലിക്കു പോകാൻ അർജുൻ പിതാവിനെ അനുവദിച്ചിരുന്നില്ല. മകനെ കാണാതായ നാൾതൊട്ട് പ്രേമൻ ഏറെ സമയവും ചെലവഴിക്കുന്നത് വീടിന്റെ കോലായയിലാണ്. ചവിട്ടുപടിയിലിരുന്ന് മകന്റെ തിരിച്ചുവരവും കാത്ത് വഴിയിലേക്ക് നോക്കിയുള്ള പ്രേമന്റെ ഇരിപ്പ് സമീപവാസികളിലും വിഷമക്കാഴ്ചയാണ്.
മകനെ കാണാത്തതിന്റെ ആധിയിൽ കഴിയുന്ന പ്രേമന്റെ മനസ്സും ശരീരവും തളർന്ന് മൂന്നാഴ്ച മുമ്പ് വീടിനകത്തുവീണ് ഇടുപ്പെല്ലിനും വാരിയെല്ലിനും പരിക്കേറ്റു. കിടപ്പിലായ പ്രേമൻ വാവിട്ടു കരയാൻപോലും കഴിയാതെ ദീനക്കിടക്കയിലിരിക്കെയാണ് ബുധനാഴ്ച അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയ വിവരം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.