തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിവരം ഒളിച്ചുവെക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് വിദ്യാർഥികളോട് മുഖ്യമന്ത്രി. ആരാണ് പറഞ്ഞതെന്ന കാര്യം വെളിപ്പെടുത്തില്ലെന്നും രഹസ്യമാക്കി സൂക്ഷിക്കുമെന്നും അതുറപ്പ് തരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാംഘട്ട ലഹരിവിരുദ്ധ കാമ്പയിന്‍റെ ഉദ്ഘാടനച്ചടങ്ങിലാണ് പരാമർശം. തങ്ങൾക്കിടയിൽ ഇത്തരം ദൂഷ്യങ്ങൾക്കടിപ്പെട്ടവർ ആരെന്ന് കുട്ടികൾക്കറിയാം. എന്നാൽ, അതിനെക്കുറിച്ച് മൗനം പാലിക്കാനും വിവരം മറച്ചുവെക്കാനുമാണ് ത്വര. വിരോധം സമ്പാദിക്കേണ്ടി വരുമെന്ന പേടികൊണ്ടാണ് ചിലർ അതിനു മുതിരാത്തത്. ഈ പ്രവണത ആ കുട്ടിയെ രക്ഷിക്കാനല്ല ഉപകരിക്കുക. വിവരം കൈമാറുന്നതിലൂടെ ജീവിതമാണ് രക്ഷിക്കുന്നത്.
സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്ന് വിൽപനയോ കൈമാറ്റമോ ഉപയോഗമോ ശ്രദ്ധയിൽ പെട്ടാൽ വിവരം നൽകണം. വിദ്യാർഥികളിൽ അത്യപൂർവം ചിലർ മയക്കുമരുന്നിന് അടിപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ പേരുകൾ പരസ്യപ്പെടുത്താതെ ആവശ്യമായ ചികിത്സയും ബോധവത്കരണവും നൽകി അവരെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലഹരിക്കെതിരെ രണ്ടാം ഘട്ട പോരാട്ടത്തിന് ശിശുദിനത്തിൽ തുടക്കം. റിപ്ലബ്ലിക് ദിനം വരെ തുടരുന്ന വിപുല പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി രണ്ടാം ഘട്ട കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സ്വതന്ത്രമായി പഠിക്കാനും കളിക്കാനും വളരാനുമുള്ള സാഹചര്യത്തിന് വെല്ലുവിളിയാകാൻ ഒന്നിനെയും അനുവദിച്ചുകൂടെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം വിദ്യാർഥികളുടെയും നാടിന്‍റെയും ഭാവിയെ കരുതിയുള്ള ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മയക്കുമരുന്നിനെതിരായ ഒന്നാം ഘട്ടം പോരാട്ടം വിജയകരമാണെന്നാണ് വിലയിരുത്തൽ. ഒന്നാം ഘട്ടത്തോടെ പോരാട്ടം അവസാനിക്കുകയല്ല, കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുകയാണ് വേണ്ടത്.
നാടിന്‍റെ പൊതു പുരോഗതി ലക്ഷ്യമിടുന്ന എല്ലാവരും രണ്ടാം ഘട്ടത്തിന്‍റെ ഭാഗമാകണം. വിദ്യാർഥികൾക്ക് വളരെ പ്രധാന പങ്കാണ് വഹിക്കാനുള്ളത്. ലോകകപ്പ് ആവേശത്തിനൊപ്പം മയക്കുമരുന്നിനെതിരെയുള്ള പോരാട്ടവും സമന്വയിപ്പിക്കുന്ന രീതിയിലാണ് ഇടപെടലുകളെന്ന് അദ്ദേഹം പറഞ്ഞു.
എക്സൈസ്-വിദ്യാഭ്യാസ വകുപ്പുകൾ ചേർന്ന് രൂപം നൽകിയ 'തെളിവാനം വരക്കുന്നവർ' എന്ന പുസ്തകത്തിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ 65 ലക്ഷം കുടുംബങ്ങളിൽ ഈ പുസ്തകം എത്തിക്കും. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും പുസ്തകം തയാറാക്കും.
ലോകകപ്പ് ഫുട്ബാളിന്‍റെ ഭാഗമായി ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന രണ്ടു കോടി ഗോൾ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും.
വിദ്യാലയങ്ങൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, വാർഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഗോൾ ചലഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.