അണിചേർന്ന് ശൃംഖലയിൽ...കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദ്യാർഥികൾക്കൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നു              ഫോട്ടോ:           ബിമൽ തമ്പി

ലഹരി വിരുദ്ധ പ്രചാരണം; അടുത്തഘട്ടം 14 മുതൽ ജനുവരി 26 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്‍റെ അടുത്തഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടുത്തഘട്ടം കാമ്പയിന്‍റെ വിശദാംശങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും.

ലഹരി വിരുദ്ധ ശൃംഖലയോടെ പ്രചാരണം അവസാനിക്കുകയില്ല, അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ലഹരിക്കെതിരെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തീർത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരായ ശൃംഖല തീർത്ത് കേരളം ലോക മാതൃകയാണ് സൃഷ്ടിച്ചതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കലാലയങ്ങളിൽ തുടരുന്ന 'ബോധപൂർണിമ' ലഹരിവിരുദ്ധ പ്രചാരണത്തിന്‍റെ ഒന്നാംഘട്ടത്തിന് സമാപിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ നടന്ന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈജ്ഞാനിക മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ഹ്രസ്വചിത്ര വിഭാഗത്തിൽ തൃശൂർ അച്യുതമേനോൻ ഗവ. കോളജിലെ ആന്‍റി-നാർക്കോട്ടിക് സെൽ തയാറാക്കിയ 'ബോധ്യം' ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റർ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ ത്യാഗരാജ പോളിടെക്‌നിക് കോളജിലെ ആകാശ് ടി.ബിയും കഥയിൽ ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ എം.വി. ആതിരയും കവിതയിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി എം.എ ജേണലിസം ആൻഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തിൽ നാട്ടിക എസ്.എൻ കോളജ് എം.എ മലയാളത്തിലെ കെ.എച്ച്. നിധിൻദാസും ഒന്നാം സമ്മാനം സ്വന്തമാക്കി.

Tags:    
News Summary - Anti-drug campaign; Next phase from 14th to 26th January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.