കല്ലമ്പലം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നാവായിക്കുളം നയനാംകോണത്ത് മദ്യലഹരിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. മതിലുകളും കാർഷിക വിളകളും നശിപ്പിച്ചു. പുതുവത്സരാഘോഷങ്ങളുടെ മറവിൽ വെളളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അഴിഞ്ഞാട്ടം.
കാറിൽ മദ്യപിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വർക്കല എം.എസ് നിവാസിൽ സുലേഖയുടെ വീട്ടുമതിൽ, സമീപത്തെ പവർ സ്റ്റേഷൻ്റെ മതിൽ, വടക്കേവയൽ മേഖലയിലെ കുലക്കാറായ വാഴകൾ, സമീപത്തെ പട്ടാളം മുക്കിലെ കേബിൾ വയറുകൾ എന്നിവയാണ് നശിപ്പിച്ചത്.
ശിവഗിരി തീർഥാടനം കഴിഞ്ഞു വരുന്നവരെ വർഷാവർഷം ആക്രമിക്കുകയും പണവും മറ്റും പിടിച്ചുപറിക്കുകയും ആഘോഷങ്ങളുടെ ഭാഗമായി അക്രമങ്ങൾ നടത്തുകയും ചെയ്യുന്ന സംഘമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്നും നാട്ടുകാർ പറഞ്ഞു. ഇരുപതോളം വരുന്ന സംഘം കാറിലും ബൈക്കുകളിലുമായി മാരകായുധങ്ങളുമായാണെത്തിയത്.
കഴിഞ്ഞ ഏതാനും പുതുവത്സര ആഘോഷങ്ങൾക്കിടയ്ക്കും ഇത്തരം സംഭവം നടന്നിരുന്നു. സംഘർഷ സാധ്യത മുൻകൂട്ടി കണ്ട് പൊലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു.
അക്രമം നടക്കുമ്പോൾ നാട്ടുകാർ വീടുവിട്ടു പുറത്തിറങ്ങാതിരുന്നത് ദുരന്ത സംഭവങ്ങൾ ഒഴിവാക്കിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്ന ഉടൻ പൊലീസിനെ അറിയിച്ചിട്ടും ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് എത്തിയത്. പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.