തിരുവനന്തപുരം: പൊതുജനത്തിന്റെ സഹായത്തോടെ ഗതാഗത നിയമലംഘനം തടയാനുള്ള മൊബൈൽ ആപ് ഉടനെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഗതാഗതക്കുറ്റങ്ങൾ പൊതുജനത്തിന് കണ്ടെത്തി തെളിവ് സഹിതം അധികൃതർക്ക് കൈമാറാൻ ആപിൽ സൗകര്യമുണ്ടാകും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് നടപടി എടുക്കും. ലൈൻ ട്രാഫിക്, ട്രാഫിക് ലംഘനം, അനധികൃത പാര്‍ക്കിങ്, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര തുടങ്ങിയ കുറ്റകൃത്യങ്ങളാകും ആദ്യം പരിഗണിക്കുക.
കെ.എസ്.ആര്.ടി.സിയില്‍ ഓണത്തിനു മുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കും. ബാങ്ക് കണ്‍സോർട്യവുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കോര്‍പറേഷന്റെ പ്രതിദിന വരുമാനം ഉയരുന്നുണ്ടെന്നും ഡീസല്‍ ഉപഭോഗത്തില്‍ ദിവസം ഒരു കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകളിലെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. 10 ശൗചാലയങ്ങുളുടെ നടത്തിപ്പ് സുലഭ് ഏജന്‍സിക്ക് കൈമാറി. ഭക്ഷണശാലകളുടെ നടത്തിപ്പിനും ടെൻഡര്‍ വിളിച്ചു. ഇരുചക്രവാഹനങ്ങളുടെ പിന്നില്‍ ഇരുന്ന് സംസാരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ഒഴിവാക്കാന്‍ കെ.എസ്.ആര്.ടി.സിയില്‍ പരിശോധന ശക്തമാക്കിയ ശേഷം അപകട നിരക്കില്‍ കുറവുണ്ട്. പരിശോധന 15 ആഴ്ച പിന്നിടുമ്പോള്‍ ദിവസം ചെറുതും വലുതുമായ 50 അപകടങ്ങള്‍വരെ ഉണ്ടായിരുന്നത് 25ല്‍ താഴെയായി. ആഴ്ചയില്‍ ആറും ഏഴും പേര് മരിച്ചിരുന്നത് ഇപ്പോള്‍ ഇല്ലാതായി. എല്ലായിടത്തും ആല്‍ക്കോമീറ്റര്‍ ഉടനെത്തും. ഹെഡ് ഓഫിസില്‍ ഉള്‍പ്പെടെ പരിശോധന ഉണ്ടാകും. സ്ത്രീകള്‍ ഒഴിച്ചുള്ള ജീവനക്കാരെ പരിശോധിക്കും. മദ്യപിക്കുന്നതിന് സസ്പെന്‍ഡ് ചെയ്യുന്ന ജീവനക്കാരെ നിശ്ചിത ദിവസം കഴിയുമ്പോള്‍ അതത് സ്ഥലത്ത് തിരിച്ചെടുക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.