നിയമന വിവാദം: മൂന്ന് പേരെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് ലീഗ് പുറത്താക്കി

തൊടുപുഴ: തൊടുപുഴ കാർഷിക വികസന ബാങ്കിലെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മൂന്ന് നേതാക്കളെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് മുസ്ലിംലീഗ് പുറത്താക്കി.ബാങ്ക് ഡയറക്ടർ ബോർഡിലെ പാർട്ടി പ്രതിനിധികളായ മൂന്ന് പേരെയാണ് പാർട്ടിയിലെയും പോഷകസംഘടനയിലെയും എല്ലാ സ്ഥാനങ്ങളിൽനിന്നും സംസ്ഥാന കമ്മിറ്റി ഒഴിവാക്കിയത്. മുസ്ലിംലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് പി.എൻ. സീതി, നഗരസഭ മുൻ ചെയർപേഴ്സൻ കൂടിയായ സഫിയ ജബ്ബാർ, എസ്.ടി.യു ജില്ല പ്രസിഡന്‍റ് കെ.എം. സലിം എന്നിവർക്കാണ് പാർട്ടി സ്ഥാനങ്ങൾ നഷ്ടമായത്.

എന്നാൽ, ബാങ്ക് ഡയറക്ടർ ബോർഡിൽ ഇവർ തുടരും. പുറത്താക്കൽ നടപടി മുൻകൂട്ടിക്കണ്ട് പി.എൻ. സീതിയും കെ.എം. സലീമും സ്ഥാനം നേരത്തേതന്നെ രാജിവെച്ചിരുന്നു. ബാങ്കിലെ പ്യൂൺ തസ്തികയിൽ ഒരെണ്ണം യൂത്ത് ലീഗ് ജില്ല ഭാരവാഹിയുടെ ഭാര്യക്ക് നൽകണമെന്ന് മുസ്ലിംലീഗ്, യൂത്ത് ലീഗ് ജില്ല കമ്മിറ്റികൾ ബാങ്കിലെ മൂന്ന് പാർട്ടി പ്രതിനിധികളോടും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ജില്ലയിൽനിന്നുള്ള ലീഗ് സംസ്ഥാന നേതാവിന്‍റെ ബന്ധുവിനാണ് നിയമനം നൽകിയത്. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ല കമ്മിറ്റിയിൽനിന്ന് ജനറൽ സെക്രട്ടറിയടക്കം ആറ് ഭാരവാഹികൾ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ മുസ്ലിംലീഗ്, യൂത്ത്ലീഗ് ജില്ല നേതൃത്വങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

Tags:    
News Summary - Appointment Controversy: League sacked three people from party posts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.